കണ്ണൂർ: റോഡ് ടാറിംഗിവലെ അതിനൂതന സാങ്കേതിക വിദ്യയായ കോൾഡ് മില്ലിംഗ് ജോലികൾ ദേശീയപാതയിലെ താഴെ ചൊവ്വ മുതൽ മേലെ ചൊവ്വ വരെ തുടങ്ങി. ഇതേ തുടർന്ന് നഗരം ഗതാഗതകുരുക്കിൽ ശ്വാസംമുട്ടി. നടാൽ മുതൽ കൊടുവള്ളി വരെ കോൾഡ് മില്ലിംഗ് ജോലികൾ പൂർത്തിയായതിനെ തുടർന്ന് രണ്ടാംഘട്ടമെന്ന നിലയിലാണ് താഴെ ചൊവ്വ മുതൽ മേലെ ചൊവ്വ വരെ പ്രവൃത്തി തുടങ്ങിയത്.

കോൾഡ് മില്ലിംഗിന്റെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് പലയിടത്തും കുരുക്ക് അനുഭവപ്പെട്ടു. കണ്ണൂരിൽ നിന്ന് തലശേരി, കോഴിക്കോട്, കൂത്തുപറമ്പ്, മട്ടന്നൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളെ നിലവിലുള്ള റോഡിന്റെ വലത് വശത്തുകൂടി കടത്തിവിടുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തലശേരി, കൂത്തുപറമ്പ് ഭാഗങ്ങളിൽ നിന്ന് കണ്ണൂരിലേക്കുള്ള വാഹനങ്ങൾ തോട്ടട ജെ.ടി.എസിനു മുന്നിലൂടെ കുറുവ, സിറ്റി, പ്രഭാത് ജംഗ്ഷൻ വഴി നഗരത്തിലെത്തണമെന്നാണ് നിർദേശം. ഇതേ തുടർന്ന് സിറ്റി , ആശുപത്രി ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയായി.

തളിപ്പറമ്പ് ഭാഗത്തു നിന്ന് തലശേരി ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങൾ വളപട്ടണം, ടോൾ പ്ളാസ, കാട്ടാമ്പള്ളി പാലം, മയ്യിൽ, ചാലോട് വഴിയാണ് പോകുന്നത്.