tv-santa
ടി.വി.ശാന്ത

നീലേശ്വരം: നഗരസഭ ചെയർപേഴ്സണായി എൽ.ഡി.എഫിലെ ടി.വി.ശാന്തയെയും വൈസ് ചെയർമാനായി പി.പി. മുഹമ്മദ് റാഫിയെയും തിരഞ്ഞെടുത്തു. ടി.വി.ശാന്തയ്ക്ക് 21 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫിലെ പി. ബിന്ദുവിന് 9 വോട്ടു മാത്രമെ ലഭിച്ചുള്ളു. എസ്.ഡി.പി.ഐയിലെ പി.അബൂബക്കറും കോൺഗ്രസ് വിമതയായി മത്സരിച്ചു ജയിച്ച ടി.വി.ഷീബയും വോട്ടുചെയ്തില്ല.

വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ പി.കെ.ലത എൽ.ഡി.എഫിലെ പി.പി.മുഹമ്മദ് റാഫിക്കാണ് വോട്ടു ചെയ്തതെങ്കിലും ബാലറ്റ് പേപ്പറിൽ ഒപ്പില്ലാത്തതിനാൽ വോട്ട് അസാധുവാകുകയായിരുന്നു. ഇടതുകൗൺസിലർ എം.കെ.വിനയ രാജിന്റെ വോട്ടും അസാധുവായി. പി.പി.മുഹമ്മദ് റാഫിക്ക് 20 വോട്ടും യു.ഡി.എഫിലെ ഇടക്കാവിൽ മുഹമ്മദ് റഫീക്കിന് 8 വോട്ടുമാണ് ലഭിച്ചത്. തുടർന്ന് വരണാധികാരിയായ സൂസൻ ബഞ്ചമിൻ നീലേശ്വരം നഗരസഭ ചെയർപേഴ്സണായി ടി.വി.ശാന്തയെയും, വൈസ് ചെയർമാനായി പി.പി.മുഹമ്മദ് റാഫിയെയും പ്രഖ്യാപിച്ചു.

മുൻ എം.എൽ.എ കെ.പി. സതീഷ് ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. ദാമോദരൻ, എറുവാട്ട്‌ മോഹനൻ, മുൻ നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി.ജയരാജൻ, പി.വിജയകുമാർ എന്നിവർ ആശംസയർപ്പിച്ചു.