municipality
കാഞ്ഞങ്ങാട് നഗരസഭയിൽ കെ വി സുജാത സത്യപ്രതിജ്ഞ ചൊല്ലുന്നു

നാലു വോട്ടുകൾ അസാധു

കാഞ്ഞങ്ങാട്: 24 അംഗങ്ങളുള്ള ഇടതുമുന്നണിക്ക് നഗരസഭ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 26 വോട്ട്. എതിർ സ്ഥാനാർത്ഥിയായ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 13 വോട്ട് കിട്ടേണ്ടിടത്ത് ലഭിച്ചത് 10 വോട്ട് ആറംഗങ്ങളുടെ പിന്തുണയുള്ള ബി.ജെ.പിക്ക് കിട്ടിയതാകട്ടെ 3 വോട്ട്. ഇന്നലെ രാവിലെ നഗരസഭ ഹാളിൽ നടന്ന ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിലാണ് നാടകീയത അരങ്ങേറിയത്.

എൽ.ഡി.എഫിന്റെ ചെയർപേഴ്‌സൺ സ്ഥാനാർത്ഥി കെ.വി സുജാതയ്ക്ക് മുന്നണിവോട്ടിനു പുറമെ ലഭിച്ചത് മുസ്ലീം ലീഗ് അംഗങ്ങളായ അസ്മ മാങ്കൂൽ, ഹസീന റസാഖ് എന്നിവരുടെ വോട്ടുകളാണ്. ലീഗ് അംഗമായ സി.എച്ച് സുബൈദയുടെ വോട്ട് അസാധുവാക്കുകയും ചെയ്തു. അതോടെയാണ് യു.ഡി.എഫ് ചെയർപേഴ്‌സൺ സ്ഥാനാർത്ഥി ടി.കെ സുമയ്യക്ക് വോട്ട് പത്തായി ചുരുങ്ങിയത്. ബി.ജെ.പി സ്ഥാനാർത്ഥി കുസുമം ഹെഗ്‌ഡെയ്ക്ക് അവരുടെയടക്കം മൂന്നു വോട്ടുകളാണ് ലഭിച്ചത്. രണ്ട് വോട്ട് അസാധുവായി. സ്വതന്ത്ര അംഗം വന്ദന ബൽരാജ് വോട്ട് രേഖപ്പെടുത്തിയില്ല.

ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഘടകകക്ഷിയായ ഐ.എൻ.എല്ലിലെ ബിൽടെക് അബ്ദുള്ള പതിമൂന്നിനെതിരെ 24 വോട്ടുകൾ നേടി വിജയിച്ചു. എതിർ സ്ഥാനാർത്ഥികളായ ബെനീഷ് രാജിന് പതിമൂന്നും എം ബൽരാജിന് ആറും വോട്ടുകൾ ലഭിച്ചു. ചെയർപേഴ്‌സൺ കെ.വി സുജാതയ്ക്ക് വരണാധികാരി കെ. പ്രദീപ് പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. വൈസ് ചെയർമാന് ചെയർപേഴ്സണും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കല്ലൂരാവിയിൽ കൊലചെയ്യപ്പെട്ട ഡി.വൈ.എഫ്‌.ഐ പ്രവർത്തകൻ ഔഫ് അബ്ദുൾറഹ്മാന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചാണ് എൽ.ഡി.എഫ് അംഗങ്ങൾ കൗൺസിലിലെത്തിയത്..

നിർദ്ദേശകന്റെ വോട്ടും അസാധു
ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർദ്ദേശിച്ച ആൾ തന്നെ വോട്ട് അസാധുവാക്കി. ബി.ജെ.പി സ്ഥാനാർത്ഥി കുസുമം ഹെഗ്‌ഡെയെ നിർദ്ദേശിച്ച എൻ. അശോക് കുമാറാണ് തന്റെ വോട്ട് അസാധുവാക്കിയത്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ എം. ബൽരാജും വോട്ട് അസാധുവാക്കുകയായിരുന്നു.