തളിപ്പറമ്പ്: പിതാവിന്റെ സാഫല്യം നിറവേറ്റാൻ ഇനി മകൾ. തളിപ്പറമ്പ് നഗരസഭാ പ്രതിപക്ഷ നേതാവായിരിക്കെ മരിച്ച മുസ്ലിം ലീഗ് നേതാവ് കൊങ്ങായി മുസ്തഫയുടെ മൂത്ത മകളാണ് ഇന്നലെ രാവിലെ തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സണായി അധികാരമേറ്റ 24 കാരിയായ മുർഷിദ കൊങ്ങായി. സി പി എമ്മിലെ ഒ.സുഭാഗ്യത്തെയും ബി ജെ പിയിലെ ഒ.സുജാതയെയും പരാജയപ്പെടുത്തിയാണ് മുർഷിദ വിജയിച്ചത്. 19 യു.ഡി.എഫ് വോട്ടുകളും മുർഷിദക്ക് തന്നെ ലഭിച്ചു. സുഭാഗ്യത്തിന് 12 വോട്ടുകളും ഒ. സുജാതയ്ക്ക് 3 വോട്ടുകളും ലഭിച്ചു.
കൊങ്ങായി മുസ്തഫ 2013 നവംബറിലാണ് മരിച്ചത്. അദ്ദേഹം മരിച്ച് ഏഴാമത്തെ വർഷമാണ് മകൾ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെടുന്നത്. വ്യാപാരിയായ അയൂബാണ് ഭർത്താവ്. മക്കൾ: മുസ്തഫ, ഫാത്തിമ, ഇസ്മായിൽ.
പ്രമുഖ കോൺഗ്രസ് നേതാവും സഹകാരിയുമായ കല്ലിങ്കീൽ പത്മനാഭനാണ് തളിപ്പറമ്പിൽ വൈസ് ചെയർമാൻ. കല്ലിങ്കീലിന് 18 വോട്ടും സി പി എമ്മിലെ സി.വി.ഗിരീശന് 12, ബി ജെ പിയിലെ കെ.വത്സരാജന് 3 വോട്ടുമാണ് ലഭിച്ചത്. തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. തളിപ്പറമ്പ് സഹകരണ സ്റ്റോർ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ രണ്ടു തവണ തളിപ്പറമ്പ് നഗരസഭാ കൗൺസിലറായിരുന്നു. പരേതനായ കല്ലിങ്കീൽ കുഞ്ഞിക്കണ്ണൻ-ഒ.വി.നാരായണിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: രൂപ. മക്കൾ: ഡോ.വന്ദന, ഡോ.കീർത്തന