പയ്യന്നൂർ: നഗരസഭ ചെയർപേഴ്സണായി കെ.വി. ലളിതയെ തിരഞ്ഞെടുത്തു. രാവിലെ വരണാധികാരി ജി.എസ്.രജത് കുമാറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ലളിതയ്ക്ക് 35 വോട്ടും എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ അത്തായി പത്മിനിക്ക് ഏഴ് വോട്ടും ലഭിച്ചു. സി.പി.എമ്മിലെ തന്നെ പി.വി.കുഞ്ഞപ്പനാണ് വൈസ് ചെയർമാൻ.
കുഞ്ഞപ്പന് 34 വോട്ടും എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ ഫൽഗുനന് 9 വോട്ടും ലഭിച്ചു. എൽ.ഡി.എഫിൽ നിന്ന് ഒരു വോട്ട് യു.ഡി.എഫിന് അധികം ലഭിച്ചു. 44 അംഗ കൗൺസിലിൽ 42 പേരാണ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിയത്. തായിനേരി വെസ്റ്റ് വാർഡിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മുസ്ലിം ലീഗ് വിമത സ്ഥാനാർത്ഥി എം.ബഷീർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കേളോത്ത് വാർഡിൽ നിന്ന് വിജയിച്ച മുസ്ലിം ലീഗിലെ കാട്ടൂർ ഹസീന എത്താൻ വൈകിയതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാനായില്ല.
2010 മുതൽ 2015 വരെ ചെയർപേഴ്സണായ ലളിതക്ക് ഇത് രണ്ടാമൂഴമാണ്. കോറോം മുത്തത്തി സ്വദേശിനിയാണ്. പയ്യന്നൂർ സഹകരണ റൂറൽ ബാങ്ക് പെരുമ്പ ശാഖാ മാനേജരാണ്. സി.പി.എം പയ്യന്നൂർ ഏരിയാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമാണ്. സി.പി.എം പയ്യന്നൂർ ഏരിയാ കമ്മിറ്റി അംഗമായ പി.വി.കുഞ്ഞപ്പൻ തലമുതിർന്ന ട്രേഡ് യൂണിയൻ നേതാവും സി.ഐ.ടി.യു ജില്ല സെക്രട്ടറിയുമാണ്.
വോട്ട് വ്യത്യാസം ചർച്ചയായി
നഗരസഭ ചെയർപേഴ്സൺ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പുകളിൽ ഇരു മുന്നണികൾക്കും ഒന്ന് വീതം വോട്ടുകൾ കുറവും കൂടുതലും ലഭിച്ചത് ചർച്ചകൾക്കിടയാക്കി. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഒരു വോട്ടു കുറഞ്ഞപ്പോൾ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് ഒരു വോട്ട് അധികം ലഭിക്കുകയായിരുന്നു. ഒരു എൽ.ഡി.എഫ് കൗൺസിലർ അറിയാതെ എതിർ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തുപോയതാകാമെന്നാണ് ഇതുസംബന്ധിച്ച വിശദീകരണം.