ksd
കാസർകോട് നഗരസഭാ ചെയർമാനായി വി.എം. മുനീർ അധികാരമേൽക്കുന്നു

കാസർകോട്: കാസർകോട് നഗരസഭയുടെ ഒമ്പതാമത് ചെയർമാനായി തളങ്കര ഖാസിലേൻ വാർഡിൽ നിന്ന് മുസ്ലിം ലീഗ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട 51 വയസുകാരനായ അഡ്വ. വി.എം. മുനീർ അധികാരമേറ്റു. രാവിലെ 11 മണിക്ക് നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ കെ. സവിതയെ പരാജയപ്പെടുത്തിയാണ് മുനീർ നഗരസഭാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. മുനീർ 21 ഉം സവിത 14 ഉം വോട്ടുകൾ നേടി. ഒരു സി.പി.എം അംഗവും രണ്ടു സ്വതന്ത്രന്മാരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഷംസീദ ഫിറോസാണ് വൈസ് ചെയർപേഴ്സൺ

നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന ലളിതമായ ചടങ്ങിലാണ് സത്യ പ്രതിജ്ഞാ ചടങ്ങ് നടന്നത്. മുസ്ലിം ലീഗ് നേതാക്കളായ സി.ടി. അഹ്മദലി, ടി.ഇ. അബ്ദുല്ല, എ. അബ്ദുൽ റഹ്മാൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., യഹ്‌യാ തളങ്കര, എ.എം. കടവത്ത്, അഷ്റഫ് എടനീർ, ബീഫാത്തിമ ഇബ്രാഹിം, കെ.എം. ബഷീർ, കെ.എം. അബ്ദുൽ റഹ്മാൻ, അൻവർ ചേരങ്കൈ, ടി.ഇ. മുക്താർ, എ.എ. അസീസ് എന്നിവരും കരിവെള്ളൂർ വിജയൻ, ബി.ജെ.പി. നേതാവ് പി. ഭാസ്‌കരൻ തുടങ്ങിയവരും ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.

മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റുകൂടിയാണ് വി.എം മുനീർ. കഴിഞ്ഞ നഗരസഭാ ഭരണ സമിതിയിൽ പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. ആദ്യത്തെ മൂന്ന് വർഷം മുനീറിനും തുടർന്നുള്ള രണ്ട് വർഷം അബ്ബാസ് ബീഗത്തിനും ചെയർമാൻ പദവി വീതിച്ചു നൽകാൻ പാർട്ടിയിൽ ധാരണയായതായറിയുന്നു.