വിജയം ഉറപ്പിച്ചത് രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ
ഇരിട്ടി: ആർക്കും ഭൂരിപക്ഷമില്ലാത്ത ഇരിട്ടി നഗരസഭ കൂടുതൽ സീറ്റ് നേടിയ എൽ.ഡി.എഫ് ഭരിക്കും. 33 വാർഡുകളുള്ള നഗരസഭയിൽ 14 വാർഡിൽ വിജയിച്ച് ഏറ്റവും വലിയ മുന്നണിയായി മാറിയ എൽ.ഡി.എഫിലെ കെ. ശ്രീലതയെ ചെയർ പേഴ്സനായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാനായി എൽ.ഡി.എഫിലെ തന്നെ പി.പി. ഉസ്മാനും തിരഞ്ഞെടുക്കപ്പെട്ടു.
കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ കെ. ശ്രീലതയിക്ക് 14 വോട്ടും എതിർ സ്ഥാനാർഥിയായ യു.ഡി. എഫിലെ പി.കെ. ബൽക്കിസിന് 11 വോട്ടും ലഭിച്ചു. ബി.ജെ.പി.യിലെ അഞ്ച് അംഗങ്ങൾ അടക്കം എട്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. ആദ്യഘട്ട വോട്ടെടുപ്പിൽ കൗൺസിലിൽ ഹാജരായി വോട്ടു ചെയ്ത അംഗങ്ങളിൽ പകുതിയിൽ അധികം പേരുടെ വോട്ട് ഒരുമുന്നണികൾക്കും ലഭിക്കാഞ്ഞതോടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിലാണ് ശ്രീലത വിജയം ഉറപ്പിച്ചത്.
ആദ്യഘട്ടത്തിൽ എൽ.ഡി.എഫും, യു.ഡി.എഫും, ബി.ജെ.പിയും മത്സരരംഗത്ത് ഉണ്ടായിരുന്നു. എസ്.ഡി.പി.ഐ നിഷ്പക്ഷത പാലിച്ചു. വോട്ടുചെയ്ത 30 അംഗങ്ങളിൽ എൽ.ഡി.എഫിലെ 14 പേരുടെ പിന്തുണ ശ്രീലതയ്ക്ക് ലഭിച്ചു. യു.ഡി.എഫിന് ലഭിക്കേണ്ട 11 വോട്ടിൽ ഒരുവോട്ടും ബി.ജെ.പിക്ക് ലഭിക്കേണ്ട അഞ്ചു വോട്ടിൽ ഒരു വോട്ടും അസാധുവായി. സാധുവായ 28 വോട്ടിൽ എൽ.ഡി.എഫിന് 14ഉം യു.ഡി.എഫിന് 10ഉം ബി.ജെ.പിക്ക് നാലും വോട്ടു ലഭിച്ചു. ജനപ്രതിനിധ്യനിയമത്തിലെ വ്യവസ്ഥ പ്രകാരം സാധുവായ വോട്ടിൽ പകുതിയിലധികം വോട്ട് ആർക്കും ലഭിക്കാഞ്ഞതിനാൽ രണ്ടാം വട്ടവും തിരഞ്ഞെടുപ്പ് നടത്തി. ഇതിൽ ബി.ജെ.പി വിട്ടുനിന്നു.