കണ്ണൂർ: ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ആദ്യഘട്ടം ഫെബ്രുവരി അവസാനത്തോടെ പ്രവർത്തനസജ്ജമാകുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നടക്കുന്ന വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയ അവലോകന യോഗത്തിലാണ് തീരുമാനമായത്. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ആദ്യഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കിഫ്ബി വഴി 57.52 കോടി രൂപയാണ് അനുവദിച്ചത്. പുതിയ കാത്ത് ലാബിനായി കിഫ്ബി വഴി മൂന്ന് കോടി രൂപയുടേയും ലക്ഷ്യ തുടങ്ങിയ വികസന പദ്ധതികൾക്കായി എൻ.എച്ച്.എം. വഴി മൂന്ന് കോടി രൂപയുടേയും നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിച്ച് വരുന്നത്. ഇതുകൂടാതെ വിവിധങ്ങളായ ഫണ്ടുപയോഗിച്ച് നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഈ സർക്കാരിന്റെ കാലത്ത് അത്യാധുനിക ട്രോമകെയർ സംവിധാനം ഉൾപ്പെടെയുള്ള നിരവധി അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിൽ സജ്ജമാക്കിയത്.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായിക്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിൽ കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവൻ, ആർ.എം.ഒ. ഡോ. ഇസ്മായിൽ സിവിടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ആദ്യഘട്ടത്തിൽ രണ്ട് നില

അഞ്ച് നിലകളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കാണ് നിർമ്മിക്കുന്നത്. അതിൽ നാല് നിലകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ രണ്ട് നിലകൾ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കാനാണുദ്ദേശിക്കുന്നത്. കാത്ത് ലാബ്, ലിഫ്റ്റ്, അമ്മയും കുഞ്ഞിനും ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുന്ന ലക്ഷ്യ പദ്ധതി എന്നിവയാണ് ആദ്യ ഘട്ടത്തിൽ സജ്ജമാക്കുന്നത്.