കൂത്തുപറമ്പ്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ ആർ. ഷീലയെയും , വൈസ് പ്രസിഡന്റായി എൽ.ജെ.ഡിയിലെ പി. ഷൈറീനയെയും എൽ.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചു. സി.പി.എം മെരുവമ്പായി ലോക്കൽ കമ്മിറ്റി അംഗവും , മഹിളാ അസോസിയേഷൻ കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗവുമാണ് ആർ. ഷീല.

മാനന്തേരി ഡിവിഷനിൽ നിന്നും 3472 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പൊയിലൂർ ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പി. ഷൈറീന കഴിഞ്ഞ പത്ത് വർഷമായി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് അംഗമായിരുന്നു. മഹിളാ ജനതാദൾ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറിയും , യുവ ജനതാദൾ കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി അംഗവുമാണ്. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മിലെ പി.സി ഗംഗാധരൻ പ്രസിഡന്റും , കെ ശാന്തമ്മ വൈസ് പ്രസിഡന്റ്മാവും.

പാട്യം ഗ്രാമ പഞ്ചായത്തിൽ എൻ.വി ഷിനിജ പ്രസിഡന്റും , കെ.പി പ്രദീപൻ വൈസ് പ്രസിഡന്റുമാവും. മാലൂർ ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മിലെ വി ഹൈമാവതി പ്രസിഡന്റും, സി ജനാർദ്ദനൻ വൈസ് പ്രസിഡന്റുമാവും. ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ സി.പി.എമ്മിലെ വി. ബാലൻ പ്രസിഡന്റും സി.പി.ഐയിലെ സിജ രാജീവൻ വൈസ് പ്രസിഡന്റുമാവും.