കൂത്തുപറമ്പ്: നിർമ്മലഗിരിക്കടുത്ത മൂന്നാംപീടികയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വടിവാൾ, കമ്പിപ്പാര, ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങളുമായി സംഘാംഗങ്ങൾ പരസ്പരം ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടാണ് സംഘട്ടനത്തിൽ കലാശിച്ചതെന്നാണ് പൊലീസിന് കിട്ടിയ സൂചനകൾ. സംഘർഷത്തിൽ പരുക്കേറ്റ 7 പേർ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്. സുനിൽകുമാർ, ശർമിഷ്, അഫ്സർ, സജിത്ത്, സജിൽ തുടങ്ങിയവരാണ് ചികിത്സയിലുള്ളത്. ഇതിൽ മൂന്നു പേർക്ക് വെട്ടേറ്റിട്ടുണ്ടെന്നാണ് സൂചന. പരുക്കേറ്റവരിൽ ഒരാളുടെ മുൻവശത്തെ മുഴുവൻ പല്ലുകളും കൊഴിഞ്ഞ നിലയിലാണുള്ളത്.
മറ്റുള്ളവരുടെ എല്ല് പൊട്ടിയതോടൊപ്പം സംഘാംഗളിൽ ഒരാളുടെ മൂക്കിന്റെ പാലം തകർന്നിട്ടുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടേരി സ്വദേശികളായ നവാസ് മൻസിലിൽ പി.കെ. അർഷാദ്, ശ്രീനിലയത്തിൽ എം.വി. ശ്രീരാജ് എന്നിവരെ കൂത്തുപറമ്പ് എസ്.ഐ പി ബിജു അറസ്റ്റ് ചെയ്തു. അക്രമികൾ ഉപയോഗിച്ച ആയുധങ്ങൾ സംഭവസ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുമ്പുവടി, ബോംബിന്റെ അവശിഷ്ടങ്ങൾ, വടിവാൾ എന്നിവയാണ് കണ്ടെത്തിയത്. അക്രമസംഭവത്തിൽ ഇരുവിഭാഗത്തിലും പെട്ട ഇരുപതോളം പേർക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്.