ആലക്കോട്: മലയോരത്ത് യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയെന്നറിയപ്പെടുന്ന നടുവിൽ ഗ്രാമപഞ്ചായത്ത് ഭരണം കോൺഗ്രസിനകത്തെ ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലിയിൽ മുങ്ങിപ്പോകുമോയെന്ന ആശങ്കയേറി. 19 വാർഡുകളുള്ള നടുവിൽ പഞ്ചായത്തിലെ 11 വാർഡുകളിൽ വിജയിച്ചുകൊണ്ടാണ് യു.ഡി.എഫ് ഭരണം നിലനിറുത്തി യത്. ഇതിൽ 8 സീറ്റുകൾ കോൺഗ്രസും 3 സീറ്റുകൾ മുസ്ലീംലീഗും നേടി.

കോൺഗ്രസിനുള്ളിലെ എ, ഐ ഗ്രൂപ്പുകൾക്ക് നാല് സീറ്റുകൾ വീതമാണുള്ളത്. പഞ്ചായത്ത് മെമ്പർമാരിൽ തുടർച്ചയായി മൂന്നാംതവണയും വിജയിച്ചുവന്ന ബേബി ഓടംപള്ളി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ ഇന്നലെ കരുവൻചാലിലുള്ള ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ പാർട്ടി നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരുടെ യോഗം ചേരുകയും പ്രസിഡന്റ് ആരാകണമെന്നതുസംബന്ധിച്ച് ഗ്രൂപ്പ് തിരിഞ്ഞുള്ള നിർദ്ദേശങ്ങളുയരുകയുമുണ്ടായി.

ഐ ഗ്രൂപ്പിൽ നിന്നും ബേബി ഓടംപള്ളിയുടെ പേര് നിർദ്ദേശിച്ചപ്പോൾ എ വിഭാഗം നിർദ്ദേശിച്ചത് പൊട്ടൻപ്ലാവ് വാർഡിൽ നിന്നും വിജയിച്ചുവന്ന അലക്സ് ചുനയംമാക്കലിന്റെ പേരാണ്. ഐ വിഭാഗത്തിൽനിന്നുള്ളയാളാണിതും.

തങ്ങളോടൊപ്പം നിന്ന അലക്സിനെ പ്രസിഡന്റ് പദവി വെച്ചുനീട്ടി എ വിഭാഗം ചാക്കിട്ടുപിടിക്കുകയായിരുന്നുവെന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം.

അംഗങ്ങളുടെ പിന്തുണതേടി വോട്ടെടുപ്പ് നടത്തിയപ്പോൾ അലക്സ് ചുനയംമാക്കലിന് അഞ്ച് വോട്ടും ബേബി ഓടംപള്ളിക്ക് മൂന്ന് വോട്ടുമാണ് ലഭിച്ചത്. തങ്ങളുടെ കൂട്ടത്തിലുള്ളയാളെ പ്രലോഭിപ്പിച്ച് എതിർചേരിയിലേയ്ക്ക് കൊണ്ടുപോയതിൽ പ്രതിഷേധിച്ച് ഐ വിഭാഗം യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ഇതോടെ യു.ഡി.എഫിനകത്ത് പുതിയ ചർച്ചകളും ചേരിതിരിവുകളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. തങ്ങളെ പിന്നിൽനിന്നും കുത്തിയ ആളെ പ്രസിഡന്റ് ആക്കുന്നതിനെ ഐ വിഭാഗം ശക്തിയായി എതിർക്കുമെന്നതിനാൽ ഏഴ് സീറ്റുകളുള്ള എൽ.ഡി.എഫിന്റെ യും കോൺഗ്രസിന്റെ വിമത സ്ഥാനാർത്ഥിയായി വിളക്കന്നൂർ വാർഡിൽ നിന്നും വിജയിച്ചുവന്ന വനിതാ മെമ്പറുടെ നിലപാടും നിർണ്ണായകമാകും. നാളെ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സ്ഥാനാർത്ഥിയുണ്ടാകുമോ എന്നതും ഐ വിഭാഗത്തിന്റെ നിലപാടും ഇനിയുള്ള മണിക്കൂറുകളിൽ ഇരു മുന്നണികൾക്കും നിർണ്ണായകമാകും.