കാഞ്ഞങ്ങാട്: നഗരത്തെ സ്ത്രീ സൗഹൃദ-ശിശു സൗഹൃദ നഗരമാക്കുമെന്ന് നഗരസഭ ചെയർമാൻ കെ.വി സുജാത. പ്രസ്‌ഫോറത്തിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിലച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മുൻഗണന നൽകും. സയൻസ് പാർക്ക് പൂർണതോതിൽ സജ്ജമാക്കും. സിവിൽ സർവീസ് അക്കാഡമിക്ക് കെട്ടിടം നിർമിക്കും. പഴയ ബസ്‌സ്റ്റാൻഡിൽ പാർക്കിംഗ് പ്ലാസ നിർമിക്കും. മഴക്കാലത്ത് നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ ശാസ്ത്രീയമായ ഓവുചാൽ സംവിധാനം ഉണ്ടാക്കും.
വികസനത്തുടർച്ചയുണ്ടാക്കുന്നതിനു പുറമേ മുൻഗണനാക്രമം നിശ്ചയിക്കും. സുതാര്യവും സത്യസന്ധവുമായ സദ്ഭരണം ഉറപ്പാക്കുമെന്നും അവർ പറഞ്ഞു. നഗരസഭാ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ളയും പരിപാടിയിൽ സംബന്ധിച്ചു. ഇ.വി ജയകൃഷ്ണൻ അദ്ധ്യക്ഷനായി. ടി.കെ നാരായണൻ സ്വാഗതവും ബാബു കോട്ടപ്പാറ നന്ദിയും പറഞ്ഞു.