തലശ്ശേരി: വികസന വഴികളിലൂടെ സഞ്ചരിച്ച മുൻഗാമികൾ കാട്ടിത്തന്ന മാതൃകയാണ് നിലവിലുള്ള കൗൺസിലും പിന്തുടരുകയെന്ന് തലശ്ശേരി നഗരസഭാ ചെയർപേഴ്ൺ കെ.എം. ജമുനാ റാണി. പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അവർ. ചരിത്ര പ്രാധാന്യമുള്ള നഗരമാണ് തലശ്ശേരി. ഇതിന്റെ പ്രൗഢി കാത്തു സൂക്ഷിക്കും.
സദാശുചിത്വവും സൗന്ദര്യവുമുള്ള പട്ടണമായി തലശ്ശേരിയെ മാറ്റുകയാണെന്റെ സ്വപ്നം. ഇതിനായി പ്രശ്നങ്ങൾ പഠിച്ചതിന് ശേഷം എല്ലാവരുമായി കൂടിയാലോചിച്ച് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളും. ഇക്കാര്യത്താൽ മാദ്ധ്യമങ്ങളുടെ പങ്കും തേടും. പരിമിതികളെ പറ്റി ബോധ്യമുണ്ട്. അതെല്ലാവരും ഓർക്കണം. ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരിൽ പരിചയസമ്പന്നരും പുതുമുഖങ്ങളുമുണ്ട്. എന്നാൽ എല്ലാവരും അവരവരുടെ വാർഡുകളിൽ സുപരിചിതരായതിനാൽ കൗൺസിലിന്റെ സുഗമമായ പ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നും നഗരസഭാ അദ്ധ്യക്ഷ പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രസ് ഫോറം പ്രസിഡന്റ് നവാസ് മേത്തർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.സിറാജുദ്ദീൻ സ്വാഗതവും രഷ് നാദാസ് നന്ദിയും പറഞ്ഞു.