sankarankutty
ശങ്കരൻ കുട്ടി ഗുരുക്കൾ മോട്ടോർ അറ്റകുറ്റപണിക്കിടയിൽ

നീലേശ്വരം: ഏറെ പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നുപോലും മണ്ണെണ്ണ മോട്ടോർപമ്പുകൾ പിൻവാങ്ങിക്കഴിഞ്ഞു. മണ്ണെണ്ണയും പെട്രോളും തേടിനടക്കേണ്ടതില്ലാത്തനാൽ വൈദ്യുതി മോട്ടോർ പമ്പുകൾ രംഗം പൂർണമായി കീഴടക്കുകയും ചെയ്തു. എന്നാൽ കിണറുകളും കുളങ്ങളും വറ്റിക്കുന്നതിനായി അപൂർവമായി സൂക്ഷിക്കുന്ന മണ്ണെണ്ണ മോട്ടോർ റിപ്പയർ ചെയ്യാൻ 85വയസിലും തയ്യാറായി നിൽക്കുകയാണ് ശങ്കരൻകുട്ടി ഗുരുക്കൾ.

നീലേശ്വരം പട്ടേന സുവർണ്ണവല്ലി യോഗിമഠത്തിലെ ശങ്കരൻ കുട്ടി ഗുരുക്കൾക്ക് റിപ്പയറിംഗിന് ഇറങ്ങിയത് വേതനം പ്രതീക്ഷിച്ചല്ല. കിണറുകളും മറ്റും വറ്റിക്കുന്നതിന് ഏതുസ്ഥലത്തേക്കും എടുത്തുകൊണ്ടുപോകാൻ സാധിക്കുന്ന മോട്ടോർ സെറ്റുകൾ നന്നാക്കുന്നതിലെ അത്യാവശ്യം കണക്കിലെടുത്താണ്.

കർണ്ണാടക ഹസ്സൻ റെയിൽവെ കൺസ്ട്രക്ഷൻ വർക്കിൽ മോട്ടോർ മെക്കാനിക്കായിരുന്നു ഇദ്ദേഹം. ആ അറിവ് വച്ചാണ് റിപ്പയറിംഗ് . ജോലിയിൽ നിന്ന് പിരിഞ്ഞ് പട്ടേന വീടിനോട് ചേർന്ന് ചെറിയ കച്ചവടം ചെയ്തു വരികയായിരുന്നു. നീലേശ്വരം പ്രദേശത്ത് എവിടെ പമ്പ് സെറ്റ് തകരാറാലും ശങ്കരൻകുട്ടി ഗുരുക്കളുടെ അടുത്തെത്തും എന്നതാണ് അവസ്ഥ. വേനൽ കടുക്കുമ്പോൾ കിണറുകളും കുളങ്ങളും ശുചീകരിക്കുന്നതിന് പലരും മണ്ണെണ്ണ പമ്പ് സെറ്റിനെയാണ് ആശ്രയിക്കുന്നത്. പുതുതലമുറയിൽ ആരും റിപ്പയറിംഗിലേക്ക് ഇറങ്ങാത്ത സാഹചര്യത്തിൽ ഗുരുക്കളുടെ സേവനം ഏറെ വിലമതിക്കാൻ പറ്റാത്തതാണ്.

85ാം വയസിലും കണ്ണടയുടെ സഹായമില്ലാതെയാണ് അറ്റകുറ്റപണിയെന്നതും അത്ഭുതകരമാണ്. അത്യാവശ്യക്കാർക്ക് മണ്ണെണ്ണ മോട്ടോർ വാടകക്കും നൽകുന്നുണ്ട് ഇദ്ദേഹം.