
കാഞ്ഞങ്ങാട്: നഗരസഭ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ചെയർപേഴ്‌സൺ സ്ഥാനാർത്ഥി കെ.വി. സുജാതയ്ക്ക് അനുകൂലമായി രണ്ട് കൗൺസിലർമാർ വോട്ടുചെയ്യുകയും മറ്റൊരാൾ അസാധുവാക്കുകയും ചെയ്ത സംഭവത്തിൽ കലങ്ങിമറിഞ്ഞ് കാഞ്ഞങ്ങാട്ടെ മുസ്ലിം ലീഗ്. കല്ലൂരാവിയിൽ എൽ.ഡി.എഫ് പ്രവർത്തകൻ ഔഫ് അബ്ദുൾറഹ്മാന്റെ കൊലയോടെ കലുഷിതമായ അന്തരീക്ഷത്തിലാണ് ലീഗിലെ മൂന്ന് കൗൺസിലർമാർ മുന്നണിക്കുള്ള വോട്ട് നഷ്ടപ്പെടുത്തുകയും ജില്ലാനേതൃത്വത്തിന് രാജി നൽകുകയും ചെയ്തത് .
മുസ്ലിം ലീഗ് കൗൺസിലർമാരായ ഹസീന റസാഖും അസ്മ മാങ്കൂലുമാണ് ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയായ കെ.വി.സുജാതയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്. മറ്റൊരു കൗൺസിലറായ സി.എച്ച് സുബൈദ വോട്ട് അസാധുവാക്കുകയും ചെയ്തിരുന്നു. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിന് പിന്നാലെ വോട്ട് മാറിചെയ്തവരെ ഇടത് അനുകൂലികൾ അഭിനന്ദിച്ചിരുന്നു. കല്ലൂരാവിയിൽ ഔഫ് അബ്ദുൾറഹ്മാനെ കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധമായാണ് ഇരുവരും വോട്ടുകൾ മാറിചെയ്തതെന്നായിരുന്നു പ്രചാരണം.ഇതോടെ മുസ്ലീം ലീഗും യൂത്ത് ലീഗും വിഷയത്തിൽ ഇടപെട്ട് തിങ്കളാഴ്ച രാത്രി തന്നെ യു.ഡി.എഫ് പാർലിമെന്ററി പാർട്ടി യോഗം ചേർന്ന് ഇവരോട് വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ രാജിക്കത്തും എഴുതിവാങ്ങി.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മൂന്നും നാലും തവണ മത്സരിച്ചവർ മാറി നിൽക്കണമെന്ന പാർട്ടി നിർദ്ദേശിച്ചതിനെ തുടർന്ന് മാറി നിൽക്കാൻ നിർബന്ധിതരായവർ അവരവരുടെ വാർഡുകളിൽ നോമിനികളെ നിർത്തിയെന്ന് നേരത്തെ തന്നെ അണികൾക്കിടയിൽ ആരോപണമുയർന്നിരുന്നു. പാർട്ടിയുടെ കോട്ടകളായ വാർഡുകൾ നഷ്ടപ്പെടുക കൂടി ചെയ്തതോടെ നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനമാണ് മുസ്ലിം ലീഗിൽ നിന്നുയരുന്നത്. .എൽ.ഡി.എഫിന് വോട്ട് ചെയ്ത കൗൺസിലർമാരോട് വാങ്ങിയ രാജി ജില്ലാ നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്ന് മുനിസിപ്പൽ ലീഗ് പ്രസിഡന്റ് അഡ്വ.എൻ എ ഖാലിദ് പറയുന്നത്.
നാടകമെന്ന് ഐ.എൻ.എൽ
എന്നാൽ രാജിക്കത്ത് എഴുതി വാങ്ങിയത് വെറും നാടകമാണെന്ന് ഇന്നലെ കാഞ്ഞങ്ങാട്ടെത്തിയ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ. അബ്ദുൾ വഹാബ് ആരോപിച്ചു.കൗൺസിലർമാർ രാജി നൽകേണ്ടത് നഗരസഭ സെക്രട്ടറിക്കാണ്. പാർ്ട്ടി വാങ്ങിയാൽ തന്നെ എത്രയും വേഗം സെക്രട്ടറിക്ക് അത് കൈമാറണം.അത്തരം നടപടികളൊന്നും ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് കരുതാൻ കഴിയില്ലെന്നാണ് ഐഎൻഎൽ നേതൃത്വം പറയുന്നത്.