divyu
കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പി.പി.ദിവ്യ

 ഇ.വിജയൻ വൈസ് പ്രസിഡന്റാകും

കണ്ണൂർ:ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പി .പി ദിവ്യയെ മത്സരിപ്പിക്കാൻ സി.പി .എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇ .വിജയനെയാണ് വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് എൽ.ഡി.എഫ് മത്സരിപ്പിക്കുന്നത്. 23 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന്‌ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ഇരുവരും തിരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി. ഇന്ന് രാവിലെ 11 നാണ് തിരഞ്ഞെടുപ്പ്..

കഴിഞ്ഞ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതിയിൽ വൈസ്‌ പ്രസിഡന്റായി ഭരണരംഗത്ത്‌ പ്രാഗത്ഭ്യം തെളിയിച്ച പി .പി. ദിവ്യ (36) സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്‌. ഡി.വൈ.എഫ്‌.ഐ കേന്ദ്രകമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഇരിണാവ്‌ സ്വദേശിയാണ്‌. കല്യാശേരി ഡിവിഷനിൽനിന്നാണ്‌ ജില്ലാ പഞ്ചായത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്‌.

കണ്ണൂർ സർവകലാശാല യൂണിയൻ വൈസ്‌ ചെയർമാനും സംസ്ഥാന വനിതാ ഫുട്‌ബാൾ ടീം അംഗവുമായിരുന്നു.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ജീവനക്കാരനായ വി. പി. അജിത്താണ്‌ ഭർത്താവ്‌. മകൾ: തേജസ്വിനി.

പന്ന്യന്നൂർ ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇ .വിജയൻ (71) സിപി എം പാനൂർ ഏരിയാ കമ്മിറ്റിയംഗവും സി.ഐ.ടി.യു ഏരിയാ സെക്രട്ടറിയുമാണ്. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ്, പന്ന്യന്നൂർ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. ചോതാവൂർ ഈസ്റ്റ് എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപകനായിരുന്നു.താഴെ ചമ്പാട് സ്വദേശിയാണ്‌. പാനൂർ ഹൈസ്‌കൂൾ റിട്ട. അധ്യാപിക സൗമിനിയാണ്‌ ഭാര്യ. മക്കൾ: മിനീഷ, ജയീഷ