baby

കാസർകോട് : കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മടിക്കൈ ഡിവിഷനിൽ നിന്നും റിക്കാർഡ് ഭൂരിപക്ഷം നേടി വിജയിച്ച ബേബി ബാലകൃഷ്ണൻ തന്നെ മത്സരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മുസ്ലിം ലീഗിൽ നിന്ന് ചെങ്കള ഡിവിഷൻ പിടിച്ചെടുത്ത ഷാനവാസ് പാദൂറിനെയും മത്സരിപ്പിക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചക്ക് രണ്ടു മണിക്കും നടക്കും.

കാസർകോട് വൈസ് പ്രസിഡന്റ് സ്ഥാനം മൂന്ന് പേർക്കായി വീതം വെക്കാൻ ഇടതുമുന്നണി ജില്ലാകമ്മിറ്റി അംഗീകരിച്ചു. ആദ്യത്തെ രണ്ടര വർഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഷാനവാസ് പാദൂർ വഹിക്കും. തുടർന്നുള്ള ഒന്നരവർഷം വൈസ് പ്രസിഡന്റ് സ്ഥാനം എൽ ജെ ഡി ക്കാണ്. എൽ.ജെ. ഡിയുടെ ഏക അംഗം പിലിക്കോട് ഡിവിഷനിൽ നിന്ന് ജയിച്ച എം. മനു ഒന്നര വർഷം വൈസ് പ്രസിഡന്റ് ആകും. അവസാനത്തെ ഒരു വർഷം വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.എം ഏറ്റെടുക്കും.

ഇടതുമുന്നണി യോഗത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തിന് സി.പി.ഐ നേതാക്കൾ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ രണ്ടു സ്ഥാനങ്ങളിലേക്കും വനിതകൾ വരുമെന്നതിനാൽ സി.പി.ഐയുടെ ആവശ്യം സി.പി.എം നേതൃത്വവും ഘടകകക്ഷികളും തള്ളി.

ബി.ജെ.പി വോട്ടു കിട്ടി ജയിച്ചാൽ രാജി

ഭൂരിപക്ഷമില്ലാത്ത ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ബി.ജെ.പി, യു.ഡി.എഫ്, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുടെ വോട്ടുകൾ സ്വീകരിക്കില്ലെന്ന് ഇടതുമുന്നണി വ്യക്തമാക്കി. ഇവരുടെ വോട്ട് നേടി പഞ്ചായത്തുകളിൽ അധികാരത്തിൽ വന്നാൽ അപ്പോൾ തന്നെ സ്ഥാനം രാജിവെക്കും. ബി.ജെ.പിയെ തോൽപ്പിക്കാൻ യു.ഡി.എഫിന്റെയോ, യു.ഡി.എഫിനെ തോൽപ്പിക്കാൻ ബി.ജെ.പിയുടെയോ പിന്തുണ സ്വീകരിക്കേണ്ടതില്ലെന്നും യോഗം തീരുമാനമെടുത്തു.