കാസർകോട്: പുതുവത്സര ആഘോഷം അതിരുവിടുന്നതു തടയാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ആഘോഷ തിമിർപ്പിൽ വാഹന അപകടങ്ങൾ മുന്നിൽ കണ്ടു മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വാഹന പരിശോധന കർശനമാക്കുകയാണ്. നാളെ ജില്ലയിലെ ദേശീയ-സംസ്ഥാന പാതകൾ, പ്രധാന ഗ്രാമീണ റോഡുകൾ എന്നിവ കേന്ദ്രീകരിച്ച് രാത്രികാല പരിശോധന നടത്തും. മദ്യപിച്ചുള്ള ഡ്രൈവിംഗ് അമിത വേഗം ട്രിപ്പിൾ റൈഡിംഗ്, ഹെൽമെറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്രവാഹന യാത്ര എന്നീ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്യും. രൂപമാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങൾ അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ജില്ലാ ആർ.ടി.ഒ ടി.എം ജേഴ്സൺ പറഞ്ഞു.