തൃക്കരിപ്പൂർ: നാലുപതിറ്റാണ്ടുകാലമായി പൂരക്കളി -മറത്തു കളി രംഗത്തെ സജീവ സാന്നിദ്ധ്യമായ കാനക്കീൽ കമലാക്ഷൻ പണിക്കർക്ക് കേരള ഫോക് ലോർ അക്കാഡമിയുടെ അംഗീകാരം. അമ്മാവൻ പരേതനായ കാനക്കീൽ കരുണാകരൻ പണിക്കരിൽ നിന്നും പൂരക്കളിയും കരിവെള്ളൂർ വി.പി. ദാമോദരൻ പണിക്കരിൽ നിന്ന് മറത്തുകളിയുടെ പാഠങ്ങളുമാണ് കമലാക്ഷൻ പണിക്കരുടെ കലാസപര്യയുടെ അടിസ്ഥാനം.

കണ്ണൂർ -കാസർകോട് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ ഈ അനുഷ്ഠാന കലയിൽ പ്രാഗത്ഭ്യം നേടിയ ഈ സംസ്കൃകൃത പണ്ഡിതനെ തേടി ഇതിനു മുൻപും അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. 1982ൽ ശ്രീകണ്ണമംഗലം കഴകത്തിലായിരുന്നു മറത്തുകളി അരങ്ങേറ്റം. 2006 ൽ പയ്യന്നൂർ ശ്രീ കാപ്പാട്ട് കഴകത്തിൽ നിന്ന് പട്ടും വളയും ലഭിച്ചു. 2011 ൽ മറത്ത് കളി രംഗത്തെ പരമോന്നത ബഹുമതിയായ വീരശൃംഖല നൽകി മടിക്കൈ നാദക്കോട്ട് കഴകം ആദരിച്ചു. ഇപ്പോഴും മറത്തുകളി രംഗത്ത് സജീവമായ ഇദ്ദേഹം ഇളമ്പച്ചി സ്വദേശിയാണ്. പ്രശസ്ത ചെങ്കൽ ശില്പി പരേതനായ തെക്കടവൻ അപ്പു മണിയാണി - കാനക്കീൽ ദേവകി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: എം.വി.അജിത. മക്കൾ: നിജിൻ കമൽ, നിഖില കമൽ ,നിഖില നിജിൻ, പാർവ്വണ നിജിൻ എന്നിവർ മക്കളാണ്.