തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിൽ ഉരുണ്ടുകൂടിയ പ്രതിഷേധം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മറനീക്കി. മുതിർന്ന നേതാവും മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറിയുമായ വി.കെ. ബാവയെ തഴഞ്ഞ് സത്താർ വടക്കുമ്പാടിനെ പ്രസിഡന്റ് സ്ഥാനം നൽകാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് മെമ്പർമാരെ ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞുവയ്ക്കുകയും പാർട്ടി കൊടിമരത്തിൽ കരിങ്കൊടി ഉയർത്തുകയും വനിതാ നേതാവ് രാജി നൽകുകയും ചെയ്തു.
പാർട്ടിയുടെ ശക്തികേന്ദ്രമായ ഉടുമ്പുന്തലയടങ്ങുന്ന തെക്കൻ മേഖലയെ കാലങ്ങളായി ലീഗ് നേതൃത്വം അവഗണിക്കുന്നുവെന്നാരോപിച്ചാണ് ഒരു വിഭാഗം മുസ്ലീംലീഗ് പ്രവർത്തകർ ഇന്നലെ രാവിലെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുക്കാനായി രാവിലെ ഇറങ്ങിയ പതിനാലാം വാർഡ് പ്രതിനിധിയായ വി.കെ.ബാവ, പതിമൂന്നാം വാർഡ് പ്രതിനിധി എം.അബ്ദുൾ ഷുക്കൂർ എന്നിവരുടെ വാഹനം തടയുകയായിരുന്നു. സത്താറിന് വോട്ടു ചെയ്യാൻ പോകരുതെന്ന ഉറച്ച നിലപാടുമായി നിലയുറപ്പിച്ച പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതോടെ രംഗം വഷളായി. സംഭവമറിഞ്ഞെത്തിയ ചന്തേര പൊലീസ് പ്രവർത്തകരെ ശാന്തരാക്കി ഇരുവരെയും മോചിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഈ രണ്ടു പ്രതിനിധികൾക്കും വോട്ടെടുപ്പിൽ സംബന്ധിക്കാൻ കഴിഞ്ഞത്..
സംവരണ സീറ്റിൽ ഒരു തവണ ഒഴികെ ബീരിച്ചേരി, ടൗൺ അടങ്ങുന്ന വടക്കൻ മേഖലയിൽ നിന്നുമാത്രമാണ് തൃക്കരിപ്പൂരിൽ പഞ്ചായത്ത് പ്രസിഡന്റുമാർ ഉണ്ടായിട്ടുള്ളു. ഇത് തെക്കൻ മേഖലയോടുള്ള അവഗണനയായാണ് പ്രവർത്തകരുടെ കുറ്റപ്പെടുത്തൽ.
ബാവയെ അവഗണിച്ചുള്ള നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഉടുമ്പുന്തല വാർഡ് മുസ്ലീം ലീഗ് ഓഫീസിന് മുന്നിലെ പാർട്ടി കൊടിമരത്തിലാണ് പ്രതിഷേധക്കാർ കരിങ്കൊടി ഉയർത്തിയത്. ഇതിനുപിന്നാലെ ഉടുമ്പുന്തല വാർഡ് വനിതാ ലീഗ് പ്രസിഡന്റ് എം.കെ. മറിയുമ്മ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.