കൂത്തുപറമ്പ്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ ആർ. ഷീലയെയും വൈസ് പ്രസിഡന്റായി എൽ.ജെ.ഡിയിലെ പി. ഷൈറീനയെയും തിരഞ്ഞെടുത്തു. യു.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു. നേരത്തെ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന ഷീല സി.പി.എം മെരുവമ്പായി ലോക്കൽ കമ്മിറ്റി അംഗവും , മഹിളാ അസോസിയേഷൻ കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗവുമാണ്. പൊയിലൂർ ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പി. ഷെറീന കഴിഞ്ഞ പത്ത് വർഷമായി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് അംഗമായിരുന്നു. മഹിളാ ജനതാദൾ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറിയും യുവ ജനതാദൾ കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി അംഗവുമാണ്.
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മിലെ പി.സി ഗംഗാധരനെ പ്രസിഡന്റായും കെ. ശാന്തമ്മയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ വിട്ടുനിന്നു. സി.പി.എം മാങ്ങാട്ടിടം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും , കർഷക സംഘം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗവും ,കെ.എസ്.ടി.എ മുൻ സംസ്ഥാന കമ്മിറ്റി അംഗവും, എഫ്.എസ്.സി.ടി.ഒ ജില്ല പ്രസിഡന്റുമാണ്. കെ. ശാന്തമ്മ സി.പി.എം പതിനൊന്നാം മൈൽ ബ്രാഞ്ച് അംഗവും , വനിതാ സാഹിതി ജില്ലാ കമ്മിറ്റി അംഗവും ,പുകസ മേഖല കമ്മിറ്റി അംഗവും, കേരള ശാസ്ത്ര സാഹിത്യപരിഷത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, കില ഫാക്കൽറ്റി അംഗവുമാണ്.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ സി.പി.എമ്മിലെ വി. ബാലനെ പ്രസിഡന്റും സി.പി.ഐയിലെ സിജ രാജീവനെ വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുത്തു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും എൽ.ഡി.എഫ് വിജയിച്ച സാഹചര്യത്തിൽ വോട്ടെടുപ്പില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്. മുൻ പഞ്ചായത്ത് പ്രസിഡന്റാണ് ബാലൻ. സി.പി.എം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറിയുമാണ്. സിജ രാജീവൻ സി.പി.ഐ. ഞാലിൽ ബ്രാഞ്ച് അംഗവും, ചിറ്റാരിപ്പറമ്പ് സർവീസ് സഹകരണ ബേങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ്.
കോട്ടയം മലബാർ പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ വി. രാജീവനും, വൈസ് പ്രസിഡന്റായി എം. ധർമ്മജയും തിരഞ്ഞെടുക്കപ്പെട്ടു. ഏക പ്രതിപക്ഷ അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. കഴിഞ്ഞ തവണ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായിരുന്ന ഇരുവരും സി.പി.എം കോട്ടയം ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണ്.