കണ്ണൂർ: അനുകൂലമായ കോടതി വിധിയുണ്ടായിട്ടും ബി.എസ്.എൻ.എൽ പെറ്റി കോൺട്രാക്ട് വിഭാഗത്തിലെ ജീവനക്കാർക്ക് തൊഴിൽ നിഷേധിക്കുന്നു. 35 വർഷമായി പെറ്റി കോൺട്രാക്ട് വിഭാഗത്തിൽ കണ്ണൂർ ബി.എസ്.എൻ.എല്ലിൽ ജോലി ചെയ്യുന്ന 227 ജീവനക്കാർക്ക് മാർച്ച് രണ്ട് മുതൽ ജോലിയും ഏഴ് മാസത്തെ ശമ്പളവും നിഷേധിച്ചിരുന്നു. ഇതിനെതിരെ ഇവർ സി.ജി.ഐ.ടി ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും നവംബർ 10ന് അനുകൂലമായ ഉത്തരവ് വരുകയും ചെയ്തുവെന്നാണ് പറയുന്നത്.

പഴയത് പോലെ തന്നെ പെറ്റി കോൺട്രാക്‌ടേഴ്‌സിനെ ജോലിയിൽ തുടരാൻ അനുവദിക്കണം എന്നായിരുന്നു ഉത്തരവ്. ഈ ഓർഡറുമായി ജീവനക്കാർ ബി.എസ്.എൻ.എൽ ഓഫീസിലെത്തിയപ്പോൾ അത് അംഗീകരിക്കാത്ത നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മുകളിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ല. അതിനാൽ തുടരാൻ അനുവദിക്കാൻ സാധിക്കില്ലെന്നാണ് മറുപടി പറഞ്ഞത്. ഇതിനെതിരെ പ്രതിഷേധവുമായി ഇന്നലെ രാവിലെ ബി.എസ്.എൻ.എൽ വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ ജനറൽ മനേജറെ ക്യാബിനിൽ തടഞ്ഞു. അപ്പോഴാണ് ജീവനക്കാർക്ക് ലഭിച്ച അനുകൂല ഉത്തരവിനെതിരെ ബി.എസ്.എൻഎൽ ഹൈക്കോടതിയിൽ അപ്പീൽ പോയ വിവരം അറിയുന്നത്.

കേസിൽ ഒന്നാം കക്ഷിയായ ബി.എസ്.എൻ.എൽ വർക്കേഴ്‌സ് യൂണിയന് (സ്വതന്ത്ര സംഘടന) അപ്പീൽ സംബന്ധിച്ച യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നാണ് ജീവനക്കാർ പറയുന്നത്. നിലവിലെ പെറ്റി കോൺട്രാക്ടേഴ്‌സിനെ ഒഴിവാക്കി കരാറുകാർക്കാണ് ജോലികൾ മുഴുവൻ നൽകിയിരിക്കുന്നത്. അനുവദിച്ച ഫണ്ടും വലുതാണ്. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തു കളിയാണ് ഇതിന് പിന്നിലെന്നാണ് ബി.എസ്.എൻ.എൽ വർക്കേഴ്‌സ് യൂണിയൻ ആരോപിക്കുന്നത്. അടുത്ത മാസം 11നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്. വിധി വന്നതിന് ശേഷം തുടർ സമരപരിപാടികൾ ആഹ്വാനം ചെയ്യാനാണ് ജീവനക്കാരുടെ തീരുമാനം.