baby
ബേബി ഓടംപള്ളി

ആലക്കോട്: കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്കും അധികാരത്തർക്കങ്ങളും മൂലം 40 വർഷങ്ങളായി യു ഡി എഫിന്റെ കുത്തകയാക്കി വെച്ചിരുന്ന നടുവിൽ ഗ്രാമപഞ്ചായത്ത് ഭരണം ഇടതുപക്ഷത്തിന്റെ കൈകളിലെത്തി. 19 വാർഡുകളുള്ള പഞ്ചായത്തിൽ 11 വാർഡുകളിൽ വിജയിച്ചിട്ടും ഭരണം ഇടതുപക്ഷത്തിന്റെ കൈകളിലെത്തിച്ചതിന് വരും നാളുകളിൽ കോൺഗ്രസ് വലിയ വില കൊടുക്കേണ്ടിവരും.

കോൺഗ്രസ് സ്ഥാനാർഥികളിൽ 8 പേർ തിരഞ്ഞെടുപ്പിൽ വിജയിച്ചതിൽ എ, ഐ ഗ്രൂപ്പുകൾക്ക് 4 വീതം മെമ്പർമാർ ഉണ്ടായതോടെയാണ് ആർക്കാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കുക എന്നതിനെച്ചൊല്ലി തർക്കം ഉടലെടുത്തത്. ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാവായ ബേബി ഓടംപള്ളിയുടെ പേരാണ് ആദ്യം മുതൽ പറഞ്ഞുകേട്ടിരുന്നത്. എന്നാൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്നപ്പോൾ ഐ ഗ്രൂപ്പിൽ നിന്നും ഒരാളെ അടർത്തിയെടുത്ത് തങ്ങളുടെ പാളയത്തിലെത്തിച്ച് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തതോടെ ഗ്രൂപ്പ് രാഷ്ട്രീയം കലങ്ങിമറിയുകയായിരുന്നു. മൂന്ന് മെമ്പർമാരുള്ള ഐ ഗ്രൂപ്പിനെ ഉപാധികളോടെ എൽ.ഡി.എഫിന്റെ 7 അംഗങ്ങളും പിന്തുണയ്ക്കാൻ തീരുമാനമായി. അതോടൊപ്പം കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി വിളക്കന്നൂർ വാർഡിൽ നിന്നുംമത്സരിച്ചു വിജയിച്ച രേഖ രഞ്ജിത്ത് ഐ ഗ്രൂപ്പിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ പിൻതുണച്ചപ്പോൾ 8 നെതിരെ 11 വോട്ടുകൾ നേടി ബേബി ഓടംപള്ളി വിജയിക്കുകയായിരുന്നു.

എൽ.ഡി.എഫ് പിന്തുണയോടെ തന്നെ രേഖ രഞ്ജിത്തിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു