
കാസർകോട്: പഞ്ചായത്ത് പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വിചിത്രമായ തമാശകൾ കാസർകോട് ജില്ലയിലുമുണ്ടായി.
പഞ്ചായത്ത് ഭരണം പിടിക്കുന്ന കാര്യത്തിൽ സി.പി.ഐ ഇടതുമുന്നണിയുടെ പ്രഖ്യാപിത നയം തെറ്റിച്ച് യു.ഡി.എഫിന്റെ ചുമലിലേറിയപ്പോൾ ലീഗിനെ തോൽപ്പിക്കാൻ ബി.ജെ.പിയും കൊള്ളാമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. നറുക്കെടുപ്പിൽ രണ്ടു പഞ്ചായത്തു ഭരണം പിടിച്ച് സി.പി.എമ്മും നേട്ടമുണ്ടാക്കി.
മീഞ്ച ഗ്രാമ പഞ്ചായത്തിൽ സി.പി.ഐയിലെ സുന്ദരി ആർ. ഷെട്ടി പ്രസിഡന്റും ജയറാം വൈസ് പ്രസിഡന്റുമായത് യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണയിലാണ്. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും വോട്ട് ലഭിച്ചാൽ രാജിവെക്കേണ്ടിവരും എന്നതിനാൽ സി.പി.എം ഈ സ്ഥാനങ്ങളിലേക്ക് മത്സരിക്കാതെ മാറിനിന്നു. എൽ.ഡി.എഫ് നയത്തിൽ നിന്നുമാറി സി.പി.ഐ മത്സരിച്ചു അവർ ഭരണത്തിലുമെത്തി.
പകരം കുമ്പഡാജെ പഞ്ചായത്തിൽ സി.പി.ഐയുടെ ഏക സ്വതന്ത്രന്റെ പിന്തുണയിൽ യു.ഡി.എഫിലെ പി. ഹമീദ് പ്രസിഡന്റായി. മഞ്ചേശ്വരം പഞ്ചായത്തിലാണ് അതിലേറെ വിചിത്രമായ നാടകീയത അരങ്ങേറിയത്. കോൺഗ്രസ് ലീഗ് സ്ഥാനാർത്ഥികളാണ് ഇവിടെ നേരിട്ട് ഏറ്റുമുട്ടിയത്. മുൻമന്ത്രി ചെർക്കളം അബ്ദുള്ളയുടെ മകൾ മുംതാസ് സെമീറയെ ആണ് ലീഗ് ഇവിടെ മത്സരിപ്പിച്ചത്. കോൺഗ്രസ് സ്വതന്ത്രയായി ജയിച്ച ലെവീണ മോന്തേര പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. ആറു ബി.ജെ.പി അംഗങ്ങളും രണ്ട് സ്വതന്തരും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതോടെ ലീഗിനെ വെട്ടി ലെവീണ പ്രസിഡന്റായി. ഓരോ അംഗങ്ങൾ ഉണ്ടായിരുന്ന സി.പി.എമ്മും സി.പി.ഐയും വിട്ടുനിന്നു. പൈവളികെയിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും എട്ടുവീതം വോട്ട് ലഭിച്ചതിനെ തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ സി.പി.എമ്മിലെ ജയന്തി പ്രസിഡന്റായി. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് നറുക്കെടുപ്പിൽ ഭാഗ്യം ബി.ജെ.പിയെ ആണ് തുണച്ചത്. വൈസ് പ്രസിഡന്റായി ബി.ജെ. പിയിലെ പുഷ്പ ലക്ഷ്മിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വോർക്കാടി പഞ്ചായത്തിൽ സി.പി.എമ്മിലെ ഭാരതി പ്രസിഡന്റും സി.പി.ഐയിലെ അബൂബക്കർ സിദ്ധിഖ് വൈസ് പ്രസിഡന്റുമായി. ഏഴു വീതം വോട്ട് നേടിയ മുളിയാറിൽ നറുക്കെടുപ്പിൽ സി.പി. എമ്മിലെ പി.പി മിനി പ്രസിഡന്റും കോൺഗ്രസിലെ എ. ജനാർദ്ദന വൈസ് പ്രസിഡന്റുമായി.