ഇരിട്ടി: ബ്ലോക്ക് പഞ്ചായത്ത് രൂപീകരണത്തിനു ശേഷം ഇതാദ്യമായി യു.ഡി.എഫ് അധികാരത്തിലെത്തി. ജില്ലയിൽ യു.ഡി.എഫിന് അധികാരം ലഭിച്ച ഏക ബ്ലോക്ക് പഞ്ചായത്തായ ഇവിടെ മുതിർന്ന കോൺഗ്രസ് നേതാവും ഡി.സി.സി സെക്രട്ടറിയുമായ കെ. വേലായുധൻ പ്രസിഡന്റായി. വൈസ് പ്രസിഡന്റായി യു.ഡി.എഫിലെ നാജിദ സാദിഖിനെയും തിരഞ്ഞെടുത്തു. എൽ.ഡി.എഫിലെ എം. രതീഷായിരുന്നു പ്രസിഡന്റ് സ്ഥാനാർത്ഥി.
പേരിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒന്നര മണിക്കൂർ ബ്ലോക്ക് പഞ്ചായത്തിലെ വോട്ടെണ്ണൽ പ്രക്രിയനിർത്തിവച്ചിരുന്നു. മുഴുവൻ പേരും വോട്ട് ചെയ്ത് വോട്ടെണ്ണൽ പ്രക്രിയയിലേക്ക് വരണാധികാരി നീങ്ങിയതോടെ യു.ഡി.എഫ് അംഗം മേരി റജിയുടെ ബാലറ്റ് പേപ്പറിലെ പേരും രജിസ്റ്ററിൽ ഒപ്പിട്ട പേരും വ്യത്യസ്തമാണെന്ന വാദവുമായി എൽ.ഡി.എഫ് അംഗങ്ങൾ രംഗത്തെത്തുകയായിരുന്നു. ഒടുവിൽ വോട്ട് സാധുവായി പ്രഖ്യാപിക്കുകയും വോട്ടെണ്ണൽ പൂർത്തിയാക്കുകയുമായിരുന്നു.