divya
പി.പി ദിവ്യ

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫിലെ പി.പി ദിവ്യയെ തിരഞ്ഞെടുത്തു. 16 വോട്ടുകളാണ് ദിവ്യയ്ക്ക് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ലിസി ജോസഫിന് എഴ് വോട്ടുകൾ ലഭിച്ചു.

കല്യാശേരി ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ദിവ്യയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചത് എൽ.ഡി.എഫിലെ വി.കെ സുരേഷ് ബാബുവാണ്. എൽ.ഡി.എഫിലെ കോങ്കി രവീന്ദ്രൻ പിന്താങ്ങി. ലിസി ജോസഫിനെ യു.ഡി.എഫിലെ തോമസ് വെക്കത്താനം നിർദ്ദേശിക്കുകയും എ.കെ ആബിദ പിന്താങ്ങുകയും ചെയ്തു. വരണാധികാരിയായ കളക്ടർ ടി.വി സുഭാഷ് തിരഞ്ഞെടുപ്പ് നടപടി നിയന്ത്രിച്ചു.

ഡി.വൈ.എഫ്‌.ഐ കേന്ദ്ര കമ്മിറ്റിയംഗവും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ ദിവ്യ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. കണ്ണൂർ സർവകലാശാല യൂണിയൻ മുൻ വൈസ് ചെയർമാനായിരുന്ന ദിവ്യ സംസ്ഥാന വനിതാ ഫുട്‌ബോൾ ടീം അംഗവുമായിരുന്നു. പന്ന്യന്നൂർ ഡിവിഷനിൽ നിന്നും മത്സരിച്ച എൽ.ഡി.എഫിലെ ഇ. വിജയൻ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 15 വോട്ടുകളാണ് വിജയന് ലഭിച്ചത്. ഒരു എൽ.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായി. എതിർ സ്ഥാനാർത്ഥിയായ യു.ഡി.എഫിലെ എസ്‌.കെ. ആബിദക്ക് ഏഴ് വോട്ടുകളാണ് ലഭിച്ചത്.