
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ജില്ലാ മുസ്ലിം ലീഗിലുണ്ടായ പൊട്ടിത്തെറി പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടേക്കും. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾ ഖാദർ മൗലവി ഉൾപ്പെടെയുള്ള നേതാക്കളെ വഴിയിൽ തടഞ്ഞും ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദിന്റെ കാറിൽ കരിങ്കൊടി കെട്ടിയുമായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. ലീഗ് നേതൃത്വത്തെ മാറ്റിയാൽ മാത്രമെ തങ്ങൾ ചർച്ചയ്ക്കുള്ളൂ എന്ന നിലപാട് ഒരു വിഭാഗം സ്വീകരിച്ചതോടെ ജില്ലാ നേതൃത്വം വെട്ടിലായിരിക്കയാണ്. നേതൃമാറ്റത്തിൽ കുറഞ്ഞ ഒരു ഉപാധിയും തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് ഇതിനകം തന്നെ ജില്ലയിലെ ചില നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.
അതേസമയം ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രതിഷേധം സംസ്ഥാന നേതൃത്വം അതീവ ഗൗരവത്തിലാണ് കാണുന്നത്.
താണ ഡിവിഷനിൽ നിന്ന് ജയിച്ച കെ. ഷബീനയുടെയും തായത്തെരുവിൽ നിന്നു ജയിച്ച ഷമീമ ഇസ്ലാഹിയയുടെ പേരുകൾ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ഉയർന്നുവന്നതോടെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയെ നിശ്ചയിക്കാൻ ലീഗ് കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ കോർപറേഷൻ സമിതി യോഗം വിളിച്ചു ചേർത്തിരുന്നു. എന്നാൽ ജില്ലാ ഭാരവാഹികളും ജില്ലയിൽ നിന്നുള്ള ഒരു സംസ്ഥാന നേതാവും ഇടപെട്ട് ഈ യോഗം റദ്ദാക്കിയെന്നും പിന്നീട് ജില്ലാ പ്രസിഡന്റുൾപ്പെടെയുള്ളവർ ഏകപക്ഷീയമായി കെ. ഷബീനയെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുവെന്നുമാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
ഇന്നലെ മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് ജില്ലാ ലീഗ് കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾ ഖാദർ മൗലവി, ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി എന്നിവർ പങ്കെടുത്തിരുന്നില്ല. കണ്ണർ പോലുള്ള സ്ഥലത്ത് പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളാതെ പ്രവർത്തിക്കുന്നവർ നേതൃസ്ഥാനത്തുണ്ടെങ്കിൽ അവർ ആ സ്ഥാനങ്ങളിൽ ഉണ്ടാവില്ലെന്ന് ഒരു സംസ്ഥാന നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.