കാസർകോട്: യുവാവിനെ ഒരു സംഘം കാറിൽ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി. പൊലീസ് എത്തിയതോടെ വിട്ടയയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മഞ്ചേശ്വരം കൊടിബയലിലാണ് സംഭവം. കാഞ്ഞങ്ങാട്ട് വസ്ത്രക്കടയിൽ ജോലിചെയ്യുന്ന യുവാവിനെ ഉച്ചയോടെയാണ് ഉപ്പളയിലെ മൂന്നംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. സംഭവമറിഞ്ഞതോടെ പൊലീസ് യുവാവിനെ കണ്ടെത്താനായി മണിക്കൂറുകളോളം തിരച്ചിൽ നടത്തി.
സംഘം യുവാവിന്റെ മൊബൈൽ ഫോൺ വാങ്ങിവെച്ച് സ്വിച്ച്ഓഫ് ചെയ്തിരുന്നു. രാത്രി ഒമ്പത് മണിയോടെ സംഘം മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്തതോടെയാണ് പൊലീസിന് മൊബൈർ ടവർ ലൊക്കേഷൻ മനസിലായത്. പൊലീസ് വിവരം കൈമാറിയതിനെ തുടർന്ന് മഞ്ചേശ്വരം എസ്.ഐ രാഘവനും സംഘവും യുവാവിനെ ബന്ദിയാക്കിയ കോടിബയലിലെ വീടിന് സമീപത്തെത്തി. അതിനിടെയാണ് സംഘം യുവാവിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.