കാഞ്ഞങ്ങാട്: പൊതുസമൂഹത്തിന്റെ സഹായത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ പരിമിതി മറികടക്കാൻ ശ്രമിക്കുമെന്ന് പ്രസിഡന്റ് കെ. മണികണ്ഠനും, വൈസ് പ്രസിഡന്റ് കെ.വി ശ്രീലതയും കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ പറഞ്ഞു. കേന്ദ്രത്തിൽ നിന്നും കൂടുതൽ സഹായം ലഭ്യമാക്കി പുതിയ പദ്ധതികൾ ആരംഭിക്കാൻ ശ്രമിക്കും. അതോടൊപ്പം സംസ്ഥാന സർക്കാരിന്റെ നയപരിപാടികൾക്കൊപ്പം സഞ്ചരിക്കുകയും ചെയ്യും. സർവ്വതല സ്പർശിയായ പദ്ധതികൾ ആവിഷ്‌കരിക്കും. കൃഷിക്കും വ്യവസായത്തിനും കായിക മേഖലയ്ക്കും സഹായകരമാകുന്നതായിരിക്കും പദ്ധതികൾ. ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയോജിപ്പിച്ചാൽ കൂടുതൽ ക്രിയാത്മകമായി ഇടപെടാൻ സാധിക്കുമെന്നും ഇരുവരും പറഞ്ഞു. ഫോറം പ്രസിഡന്റ് ഇ.വി ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ നാരായണൻ സ്വാഗതവും പി. പ്രവീൺകുമാർ നന്ദിയും പറഞ്ഞു.