കണ്ണൂർ: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഒരു വർഷമായി അടഞ്ഞുകിടന്ന ശേഷം സ്‌കൂളുകളിലെ എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകൾക്ക് ഇന്ന് തുടക്കമാവും. കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിച്ച് സ്‌കൂളുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇതിനകം പൂർത്തിയായതായി എ.ഡി.എം ഇ.പി മേഴ്‌സിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്കു മുന്നോടിയായി ഓൺലൈൻ ക്ലാസുകളിൽ പഠിച്ച പാഠഭാഗങ്ങളിലെ സംശയനിവാരണം, ലാബ് പ്രവർത്തനങ്ങൾ, പ്രായോഗിക പരീക്ഷകൾ, പാഠഭാഗങ്ങളുടെ റിവിഷൻ, മാതൃകാ പരീക്ഷകൾ എന്നിവയ്ക്കായാണ് ക്ലാസ് സമയം വിനിയോഗിക്കുക. ഓൺലൈൻ ക്ലാസുകൾ പതിവു രീതിയിൽ തുടരും.
ആദ്യഘട്ടത്തിൽ പരമാവധി 50 ശതമാനം കുട്ടികൾ മാത്രം സ്‌കൂളുകളിലെത്തുന്ന രീതിയിൽ മൂന്നു മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റുകളായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ കുട്ടികൾ ഉള്ള സ്ഥലങ്ങളിൽ ലഭ്യമായ ക്ലാസ് മുറികൾ, മറ്റു സൗകര്യങ്ങൾ എന്നിവ പരിഗണിച്ച് ഒരു സമയം സ്‌കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തും.
അതേസമയം, ക്ലാസുകളിലും പുറത്തും കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്നും സ്‌കൂൾ അധികൃതകർക്ക് യോഗം നിർദേശം നൽകി. കുട്ടികൾ സ്‌കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും പരസ്പരം കൂടിച്ചേരാനുള്ള അവസരങ്ങൾ ഒഴിവാക്കി വേണം സമയം ക്രമീകരിക്കാൻ. കുട്ടികൾ, അദ്ധ്യാപകർ, സ്‌കൂൾ ജീവനക്കാർ എന്നിവരിലെ കൊവിഡ് രോഗബാധിതർ, രോഗ ലക്ഷണങ്ങളുള്ളവർ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവർ ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾക്കു ശേഷം മാത്രമേ സ്‌കൂളുകളിൽ ഹാജരാകാവൂ.
കൊവിഡ് പോസിറ്റീവ് രോഗികളുടെ വീടുകളിൽ നിന്നുള്ളവർ സ്‌കൂളിലെത്താതിരിക്കുന്നതാണ് അഭികാമ്യമെന്നും യോഗം വിലയിരുത്തി. പി.ടി.എ യോഗങ്ങൾ വിളിച്ചുചേർത്ത് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും യോഗം നിർദേശിച്ചു. യോഗത്തിൽ സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ടി.പി വേണുഗോപാലൻ, ഹയർ സെക്കൻഡറി വിഭാഗം ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ പി.ഒ മുരളീധരൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ പി.വി പ്രദീപൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മോഹനൻ, ഡി.ഡി.പി ഓഫീസ് സീനിയർ സൂപ്രന്റ് എം.കെ അശോകൻ, കോർപറേഷൻ എ.ഇ.ഇ പി.വി ബിജു, ജില്ലാ പഞ്ചായത്ത് എഫ്.ഒ ഇ.എൻ സതീഷ് ബാബു യോഗത്തിൽ പങ്കെടുത്തു.
സ്‌കൂൾ കൊവിഡ് സെൽ
സ്‌കൂളുകളിൽ കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായുള്ള സ്‌കൂൾ കൊവിഡ് സെൽ രൂപീകരിക്കാൻ ബാക്കിയുള്ള ഇടങ്ങളിൽ അത് ഉടൻ രൂപീകരിക്കുകയും ആഴ്ചയിലൊരിക്കൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും വേണം. സ്‌കൂളിന് മൊത്തത്തിൽ ഇന്റർവെൽ നൽകാതെ ക്ലാസ് തലത്തിൽ നൽകാൻ ശ്രദ്ധിക്കണം.
യോഗത്തിലെ മറ്റ് പ്രധാന നിർദേശങ്ങൾ
അണുനശീകരണ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തണം.
സ്റ്റിക്കറുകൾ, സൂചനാ ബോർഡുകൾ എന്നിവ പതിക്കണം
ആവശ്യമായ ഘട്ടങ്ങളിൽ ആരോഗ്യ പരിശോധനാ സൗകര്യം
യാത്രയിൽ രോഗബാധയ്ക്കുള്ള സാഹചര്യങ്ങൾ ശ്രദ്ധിക്കണം
ഭക്ഷണം, കുടിവെള്ളം പങ്കുവയ്ക്കരുത്
അദ്ധ്യാപകർ അറിയിക്കുന്ന സമയത്ത് മാത്രം ഹാജരാവുക