
കാഞ്ഞങ്ങാട്: പൂർണമായും കാഞ്ഞങ്ങാട്ട് ചിത്രീകരിച്ച കാഞ്ഞങ്ങാടൻ ഭാഷ സംസാരിക്കുന്നചിത്രം ആദ്യമായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ പ്രദർശിപ്പിക്കുന്നു.
കാഞ്ഞങ്ങാട്ടുകാരനായ സെന്ന ഹെഗ്ഡെ ഒരുക്കുന്ന 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയാണ് ഫിലിം മേളയിൽ പ്രദർശിപ്പിക്കാൻ തിരഞ്ഞെടുത്തത്. പേരുപോലെ ഒരു കല്യാണ നിശ്ചയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം നീങ്ങുന്നത്. ഭാഷ കൊണ്ട് മാത്രമല്ല, ഇതിലെ ഭൂരിഭാഗം അഭിനേതാക്കളും പിന്നണി പ്രവർത്തകരും കാഞ്ഞങ്ങാട്ടുകാരും, കാസർകോടു ജില്ലക്കാരുമാണ്. ഏറെയും പുതുമുഖങ്ങൾ.
വർഷങ്ങൾക്കു മുമ്പ് പരിസര പ്രദേശമായ തോയമ്മലിൽ നിന്നും ഒരു കുഞ്ഞു മലയാള ചിത്രമുണ്ടാക്കി, ട്രൈലർ മാത്രം മലയാളികൾക്ക് നൽകി കർണാടകയിലേക്ക് കടന്ന, കാഞ്ഞങ്ങാട് സ്വദേശിയാണ് സംവിധായകൻ സെന്ന ഹെഗ്ഡെ. 'മലയാളം സിനിമ ഇന്ന്' വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. 'ലില്ലി', 'പോരാട്ടം' എന്നീ മലയാള ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ശ്രീരാജ് രവീന്ദ്രനും സെന്ന ഹെഗ്ഡെയും ചേർന്നാണ് ചിത്രത്തിനു തിരക്കഥയൊരുക്കിയത്. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. എഡിറ്റ് ഹരിലാൽ കെ രാജീവ്. അഭിലാഷ് ചാക്കോയാണ് പോസ്റ്റർ ഡിസൈൻ. മികച്ച കന്നഡ സിനിമകളായ കിർക് പാർട്ടിയും അവനെ ശ്രീമൻ നാരായണയും നിർമ്മിച്ച പുഷ്‌കർ ഫിലിംസാണ് തിങ്കളാഴ്ച നിശ്ചയം ഒരുക്കുന്നത്.