snehamaram
മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്‌കൂൾ ഒന്നാം തരം വിദ്യാർഥി ആഷ്മിക 2020 ന്റെ ഓർമയ്ക്കായി സ്‌നേഹ മരം നടുന്നു.

കാഞ്ഞങ്ങാട്: 2020 വിടപറയുമ്പോൾ സ്‌നേഹ മരങ്ങളിലൂടെ മേലാങ്കോട്ട് ഓർമകൾ തളിർക്കും. കൊവിഡ് ഭീതിയിൽ വിദ്യാലയ വാതിലുകൾ അടഞ്ഞുകിടക്കുമ്പോൾ കുട്ടികൾക്ക് പുതുവത്സരാശംസകൾ നേരാൻ വേറിട്ട വഴി സ്വീകരിച്ചിരിക്കുകയാണ് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്‌കൂൾ പ്രധാനാധ്യാപകൻ ഡോ. കൊടക്കാട് നാരായണൻ.

സ്വന്തം മേൽവിലാസത്തിൽ കത്തുമായി പോസ്റ്റ്മാനെത്തിയപ്പോൾ കുട്ടികൾക്ക് തുടക്കത്തിൽ ആകാംക്ഷ. തങ്ങളുടെ പ്രിയപ്പെട്ട പ്രധാനാധ്യാപകൻ കൈപ്പടയിൽ എഴുതി അയച്ച ആശംസാ കാർഡാണെന്നറിഞ്ഞപ്പോൾ ആകാംഷ ആനന്ദത്തിന് വഴിമാറി. നവവത്സരാശംസകളോടൊപ്പം പോയ വർഷത്തിന്റെ ഓർമയ്ക്കായി സ്‌നേഹമരമെന്ന പേരിൽ ഏതെങ്കിലും ഒരു ഫലവൃക്ഷത്തൈ നടണമെന്ന പ്രധാനാധ്യാപകന്റെ അഭ്യർത്ഥന ആവേശത്തോടെയാണ് കുട്ടികൾ സ്വീകരിച്ചത്. ഇതിനകം തന്നെ നൂറുകണക്കിന് കുട്ടികൾ വൃക്ഷത്തൈ നടുന്നതിന്റെ ചിത്രങ്ങൾ സ്‌കൂൾ ഗ്രൂപ്പിലേക്ക് അയച്ചു കഴിഞ്ഞു.
ആശംസകൾ നവ മാധ്യമങ്ങൾ കൈയടക്കുന്ന കാലത്ത് പ്രീ പ്രൈമറി തൊട്ട് ഏഴാം തരം വരെയുള്ള മുഴുവൻ കുട്ടികൾക്കും ആശംസാ കാർഡുകൾ എഴുതി അഞ്ഞൂറോളം കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രീതി സമ്പാദിച്ചിരിക്കയാണ് ഡോ. കൊടക്കാട് നാരായണൻ. രണ്ടാഴ്ചയോളമെടുത്താണ് അദ്ദേഹം ഇത്രയും കാർഡുകൾ എഴുതി തീർത്തത്.

തപാൽ വകുപ്പിന്റെ സേവനങ്ങളെക്കുറിച്ച് അറിയാനും പ്രകൃതിയുടെ കാവൽക്കാരാകാൻ കുട്ടികളെ പ്രേരിപ്പിക്കാനുമാണ് പുതുവത്സരത്തിൽ പുതിയ വഴി സ്വീകരിച്ചത്

ഡോ. കൊടക്കാട് നാരായണൻ