book
ജോൺ അബ്രഹാമിന്റെ കയ്യൂർ - ഓർമ്മ പുസ്തകം പി.എം. മുരളീധരൻ, മോഹനചന്ദ്രന് നൽകി പ്രകാശനം ചെയ്യുന്നു.

പയ്യന്നൂർ: കയ്യൂർ രക്തസാക്ഷി മണ്ഡപത്തിനടുത്ത് എരിഞ്ഞുയരുന്ന അഗ്നിനാളം ആകാശത്തിലേക്കുയർന്ന്‌ ചന്ദ്രനിൽ എത്തിച്ചേരുന്നരംഗം മാത്രം ചിത്രീകരിച്ച ജോൺ അബ്രഹാമിന്റെ നടക്കാതെ പോയ കയ്യൂർ സിനിമാ സംരംഭവും, കയ്യൂർ ജീവിതവും പ്രമേയമാക്കി നിരൂപകൻ എൻ. സന്തോഷ്‌ കുമാർ എഡിറ്റ്‌ ചെയ്‌ത ‘ജോൺ അബ്രഹാമിന്റെ കയ്യൂർ’ ഓർമ്മപുസ്‌തകം പുറത്തിറങ്ങി.

കയ്യൂരിന്റെ പ്രക്ഷോഭവഴികളെക്കുറിച്ച്‌ കടന്നുപോയ ഒരു സംരംഭത്തിന്റെ ചരിത്രരേഖ പറയുന്ന പുസ്‌തകം പ്രകാശനം ചെയ്‌തത്‌, പൂർത്തിയാകാതെപോയ സിനിമയുടെ പ്രധാന സംഘാടകരിലൊരാളായ പി.എം. മുരളീധരനാണ്. പയ്യന്നൂരിലെ വീട്ടിൽ വിശ്രമിക്കുന്ന മുരളീധരൻ കയ്യൂർ സിനിമയുടെ കലാസംവിധായകനും ചിത്രകാരനുമായ മോഹനചന്ദ്രന്‌ നൽകിയാണ്‌ പുസ്തകം പ്രകാശനം ചെയ്‌തത്‌. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ 1980–-84 കാലത്തെ സതേൺ റീജിയണൽ കൗൺസിൽ അംഗം കൂടിയായ മുരളീധരൻ, കയ്യൂർ കേരള സംസ്‌കാര ചരിത്രത്തിന്റെ ഭാഗമായതെങ്ങനെയെന്ന്‌ ചുരുങ്ങിയ വാക്കുകളിൽ വിശദീകരിച്ചു.

എൻ. സന്തോഷ് കുമാർ, ടോംസൺ എം. ടോം എന്നിവർ സംസാരിച്ചു. കവിയൂർ ബാലൻ, ബി. രാജീവൻ, സച്ചിദാനന്ദൻ, എൻ. ശശിധരൻ, എം.ജി.എസ്‌. നാരായണൻ, കെ.ജെ. ബേബി, കെ.ജി. ശങ്കരപ്പിള്ള, ജോയ്‌മാത്യു, മധു മാസ്റ്റർ തുടങ്ങിയവരുടെ തുറന്നെഴുത്തുകളും ജോണിന്റെ കയ്യൂർ സിനിമയുടെ തിരക്കഥയും പുസ്തകത്തിലുണ്ട്.