പാനൂർ: വോട്ട് കച്ചവടത്തിന് തുടക്കം കുറിച്ചത് മുസ്ലിംലീഗാണെന്നും അതിപ്പോഴും അവർ തുടരുന്നുവെന്നും എൽ.ഡി.എഫ് നേതാക്കൾ. കെ.എം സൂപ്പി നിയമസഭയിലേക്ക് മത്സരിച്ച സമയത്ത് ആർ.എസ്.എസിന്റെ വോട്ടു വാങ്ങിയാണ് വിജയിച്ചിട്ടുള്ളത്. അന്ന് നേതൃത്വം കൊടുത്തത് മുസ്ലിം ലീഗ് ആണ്. കന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിൽ നടന്ന ലീഗും ബിജെപിയും തമ്മിലുള്ള കൂട്ടുകച്ചവടം പുറത്തറിഞ്ഞതിലുള്ള ജാള്യത യിലും വിഭ്രാന്തിയിലും ആണ് ലീഗും യു.ഡി.എഫും എൽ.ഡി.എഫിനെതിരെ കള്ളക്കഥ പ്രചരിപ്പിക്കുന്നത്. സ്വന്തം ഘടകകക്ഷികളെ തോൽപ്പിക്കുന്ന പാരമ്പര്യമാണ് മുസ്ലിംലീഗ് സംബന്ധിച്ചിടത്തോളം ഉള്ളത്. കോൺഗ്രസ് മത്സരിച്ച 1, 2 ,4 ,8 , 18 വാർഡുകളിൽ ലീഗ് കാലുവാരി .നാലാം വാർഡിൽ യു.ഡി.എഫ് ബ്ലോക്ക് ജില്ലാ സ്ഥാനാർത്ഥികൾക്ക് 695 വോട്ട് കിട്ടി വാർഡ് സ്ഥാനാർത്ഥിക്ക് 610 വോട്ടാണ് ലഭിച്ചത്. ബി.ജെ.പിയുടെ 50 വോട്ട് യു.ഡി.എഫിന്റെ സ്ഥാനാർത്ഥിക്ക് കിട്ടിയിട്ടും യു.ഡി.എഫിന് 85 വോട്ട് കുറയുകയാണുണ്ടായത്. 3 ,15 17 ,18 യു.ഡി.എഫ് വോട്ട് ബി.ജെ.പിക്ക് കൊടുത്തു. വാർത്താസമ്മേളനത്തിൽ എ.വി ബാലൻ, എൻ. അനിൽകുമാർ, കരുവാൻകണ്ടി ബാലൻ, എൻ.കെ അനിൽകുമാർ, കെ.പി രാജേഷ് ,കെ. മുകുന്ദൻ എന്നിവർ പങ്കെടുത്തു.