തിരുവമ്പാടി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചതോടെ തിരുവമ്പാടി മേഖലയിൽ നിയമ വിരുദ്ധ മദ്യവില്പനയും സജീവം. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്ന് കേസുകളിലായി 35 ലിറ്റർ വിദേശമദ്യമാണ് മേഖലയിൽ നിന്ന് പിടികൂടിയത്. ഏറ്റവും ഒടുവിൽ വിജയ് മല്ല്യ എന്ന വെങ്ങരോത്ത് വിജയനാണ് തിരുവമ്പാടി പൊലീസിന്റെ പിടിയിലായത്. തിരുവമ്പാടി എസ്.ഐ. എം നിജീഷിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ മനോജ്, സി.പി.ഒ അനീസ്, രാജീവൻ, ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബിവറേജസ് കോർപ്പറേഷനിൽ നിന്ന് ലിറ്റർ കണക്കിന് വാങ്ങുന്ന മദ്യം ചില്ലറയായി കൂടുതൽ വിലയ്ക്ക് വിൽക്കുകയാണ് പതിവ്.
തിരഞ്ഞെടുപ്പ് കഴിയും വരെ പരിശോധന കർശനമാക്കാനാണ് പൊലീസ് തീരുമാനം.