കൽപ്പറ്റ: വയനാടിനോട് ഇതുപോലെ അവഗണന കാണിച്ച ഒരു സർക്കാർ വേറെയുണ്ടായിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വയനാട്ടിലെ വിവിധ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ സങ്കീർണമായ പ്രശ്നങ്ങളിലൊന്നും ഈ സർക്കാർ ഇടപെട്ടിട്ടില്ല. സർക്കാരിന്റെ കാലാവധി തീരുന്ന സമയത്താണ് വയനാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ഒരു തുരങ്കപാതയുടെ നിർദേശവുമായി വന്നിരിക്കുന്നത്. ഈ പദ്ധതിക്ക് പരിസ്ഥിതി ആഘാതപഠനം നടന്നിട്ടില്ലെന്ന് മാത്രമല്ല, ആവശ്യമായ ഫണ്ട് എങ്ങനെ സമാഹരിക്കുമെന്ന് പോലും വ്യക്തമാക്കിയിട്ടില്ല. പ്രളയത്തിന്റെ ആനുകൂല്യങ്ങൾ പോലും പൂർണമായി കൊടുക്കുന്ന കാര്യത്തിൽ സർക്കാർ പരാജയമാണ്.
മികച്ച സ്ഥാനാർത്ഥികളെ നിർത്തി ശക്തമായ പ്രചാരണവുമായാണ് യു.ഡി.എഫ് മുന്നോട്ടുപോവുന്നത്. യു.ഡി.എഫ് അത്ഭുതകരമായ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് രാജ് സംവിധാനം രാജ്യത്ത് നടപ്പിലാക്കിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. അന്ന് രാജ്യസഭയിൽ അതിന് എതിരെ നിന്നവരാണ് സി പി എമ്മെന്നും അദ്ദേഹം പറഞ്ഞു.
വിവിധ യോഗങ്ങളിൽ യു ഡി എഫ് ജില്ലാ ചെയർമാൻ പി പി എ കരീം, കൺവീനർ എൻ ഡി അപ്പച്ചൻ, ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ എം എൽ എ, കെ സി റോസക്കുട്ടി, പി കെ ജയലക്ഷ്മി, പി വി ബാലചന്ദ്രൻ, കെ എൽ പൗലോസ്, കെ കെ അബ്രഹാം, അഡ്വ. എൻ കെ വർഗീസ്, വി എ മജീദ്, പി കെ അനിൽകുമാർ, കെ വി പോക്കർഹാജി, എം എ ജോസഫ്, എൻ സി കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.