സുൽത്താൻ ബത്തേരി: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ഘടക കക്ഷിയായ ഫോർവേർഡ് ബ്ലോക്കിനെ യു.ഡി.എഫ് നേതൃത്വം ജില്ലയിൽ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ഫോർവേർഡ് ബ്ലോക്ക് ജില്ലാ കമ്മറ്റി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

യു.ഡി.എഫിന്റെ ഈ നടപടി വഴി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുപോയ നിരവധി തദ്ദേശ സ്വയം ഭരണ സമിതികൾക്ക് അടുത്ത അഞ്ച് വർഷത്തേക്ക് കൂടി ആയുസ് നീട്ടികൊടുക്കുകയാണ് മുന്നണി നേതൃത്വം ചെയ്തിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ തവണ എൽ.ഡി.എഫിന്റെ ഘടക കക്ഷിയായിരിക്കുമ്പോൾ ജില്ലയിൽ എട്ട് സ്ഥാനങ്ങളിലേക്ക് ഫോർവേർഡ് ബ്ലോക്കിന് മൽസരിക്കാൻ സീറ്റ് നൽകിയിരുന്നു. എന്നാൽ യു.ഡി.എഫിലേക്ക് വന്നപ്പോൾ ഒരു സീറ്റു പോലും നൽകിയില്ല.

ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണയത്തിൽ ഫോർവേർഡ് ബ്ലോക്കിനെ പാടെ തഴഞ്ഞപ്പോൾ നഗരസഭകളിൽ അവസരം നൽകാമെന്ന് പറഞ്ഞങ്കിലും ഒരു സീറ്റ് പോലും ലഭിച്ചില്ല. ഫോർവേർഡ് ബ്ലോക്കിനെ ഇലക്ഷൻ കമ്മറ്റികളിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല.

സംസ്ഥാനത്തെ മറ്റ് പതിമൂന്ന് ജില്ലകളിലും ഇല്ലാത്ത അയോഗ്യതയാണ് വയനാട് ജില്ലയിൽ പാർട്ടിയോട് യു.ഡി.എഫ് ജില്ലാ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
ജില്ലയിൽ അണികൾ ഒരിടത്തും ഔദ്യോഗിക സ്ഥാനാർത്ഥി മറ്റൊരിടത്തുമാണ്. ഇത് യു.ഡി.എഫിനെ ശിഥിലമാക്കും. മുന്നണി മര്യാദ പാലിക്കാൻ യു.ഡി.എഫ് ജില്ലാ നേതൃത്വം ഇനിയെങ്കിലും തയ്യാറാകണമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഓൾ ഇന്ത്യാ ഫോർവേർഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി അഡ്വ. എ.എൻ.ജവഹർ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.യു.മാർക്കോസ് ഓൾ ഇന്ത്യാ അഗ്രാമി കിസാൻ സഭ ജില്ലാ സെക്രട്ടറി എം.ആർ.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.


മന്ത്രിമാർ തമ്മിൽ കലഹം: മുല്ലപ്പള്ളി
സുൽത്താൻ ബത്തേരി: സംസ്ഥാന ഭരണം അഴിമതിയിൽ മുങ്ങിയതോടെ മന്ത്രിമാർ തമ്മിൽ പരസ്പര വിശ്വസമില്ലായ്മയും കലഹവുമാണ് നടക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നെന്മേനി പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ കോളിയാടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞെട്ടിപ്പിക്കുന്ന അഴിമതി കഥകളാണ് ഇടതു സർക്കാരിൽ നിന്നും പുറത്തുവരുന്നത്. ജനങ്ങൾക്ക് കമ്മ്യുണിസ്റ്റ് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അഴിമതികഥകളുടെ പേരിൽ മന്ത്രിമാർ തമ്മിൽ പരസ്പരം ഏറ്റുമുട്ടുന്നു. മുഖ്യ മന്ത്രിയും ധനമന്ത്രിയും തമ്മിൽ കലഹിക്കുന്ന കാഴ്ചയാണ്. മന്ത്രിമാർക്ക് തന്നെ പരസ്പരം വിശ്വാസമില്ല. പിന്നെയെങ്ങനെയാണ് ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ടാകുകയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഡി.സി.സി.പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി, കെ.പി.സി.സി. സെക്രട്ടറി കെ.കെ. അബ്രാഹം, ഡി.സി.സി സെക്രട്ടറി ഡി.പി.രാജശേഖരൻ, ആർ.പി.ശിവദാസ്, പി.വി.ബാലചന്ദ്രൻ, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ മൊയ്തീൻ കരടിപ്പാറ, സി.ടി.ചന്ദ്രൻ, കെ.ആർ.സാജൻ, അബ്ദുള്ള മാടക്കര, സി.പി.വർഗ്ഗീസ് എന്നിവർ സംസാരിച്ചു.