കോഴിക്കോട്: കൊവിഡ് കാലത്തെ പട്ടിണിയകറ്റാൻ പല ജോലികളും ചെയ്ത ഫോട്ടോ ജേർണലിസ്റ്റ് ഡൊമിനിക് സെബാസ്റ്റ്യന്റെ ഇപ്പോഴത്തെ വേഷം സാക്ഷാൽ സാന്താക്ലോസിന്റെതാണ്. ജീവിക്കാനായി ക്രിസ്മസ് നക്ഷത്രങ്ങളുടെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് ഇദ്ദേഹം. ഈ വേഷത്തിന് പിന്നിലൊരു കഥയുണ്ട്. കൊവിഡ് ഉപജീവനം മുടക്കിയതോടെ അർഹതപ്പെട്ട പത്രപ്രവർത്തക പെൻഷൻ ലഭിക്കാനായി ഡൊമിനിക് ഒറ്റയാൾ സമരം നടത്തിയിരുന്നു. അന്ന് നീട്ടി വളർത്തിയ താടി പെൻഷൻ ലഭിച്ചാലേ എടുത്തുകളയുമെന്ന് ഡൊമനിക് തീരുമാനിച്ചിരുന്നു.
എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പെൻഷൻ മാത്രം കിട്ടിയില്ല പകരം ഡൊമനിക്കിന്റെ മുഖം നിറയെ വെള്ളത്താടി പടരുകയും ചെയ്തു.
സാന്താക്ലോസിന്റെ രൂപത്തോട് സാദൃശ്യം തോനിക്കുന്ന ഡൊമനിക്കിനെ കണ്ടപ്പോൾ ചില സുഹൃത്തുക്കൾ ക്രിസ്മസ് പപ്പയുടെ വേഷമിടാൻ പ്രരിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നെ പുതുതായി തുടങ്ങുന്ന നക്ഷത്രക്കച്ചവടം ക്രിസ്മസ് പപ്പയുടെ വേഷത്തിലാകാമെന്ന് ഡൊമനിക്ക് തീരുമാനിക്കുകയും ചെയ്തു.
28 വർഷത്തോളം മലയാളത്തിലെ പ്രമുഖ പത്രത്തിൽ ഫോട്ടോ ജേർണലിസ്റ്റായി സേവനമനുഷ്ഠിച്ച ഇദ്ദേഹം 20 വർഷവും കൃത്യമായി പെൻഷൻ വിഹിതം അടച്ചിട്ടുണ്ട്.
ആരോഗ്യ കാരണങ്ങളാൽ ജോലി ഉപേക്ഷിച്ച ഡൊമിനിക്കിന് പെൻഷൻ അനുവദിച്ചു കിട്ടാനായി ഓഫീസുകൾ കയറി ഇറങ്ങേണ്ടി വന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ നാല് മാസം മുൻപ് വീട്ടിൽ നിരാഹാര സമരം കിടക്കുകയും ചെയ്തു.
ഇതോടെ പി.ആർ.ഡിയിൽ നിന്ന് ആളുകൾ വീട്ടിൽ എത്തുകയും പെൻഷൻ ലഭിക്കാനുള്ള നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകിയതോടെയാണ് ഡൊമനിക് സമരത്തിൽ നിന്ന് പിന്മാറിയത്. എന്നാൽ ഇതുവരെ പെൻഷൻ പണം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.
സാന്താക്ലോസ് വേഷത്തോടൊപ്പം സ്റ്റാർ വിൽപനയുമുണ്ട് ഇദ്ദേഹത്തിന്. സാന്താക്ലോസ് വേഷത്തിൽ ആദ്യമെത്തിയത് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വസതിയിലാണ്. അദ്ദേഹത്തിൽ നിന്ന് അനുഗ്രഹം വാങ്ങിച്ച് മധുരവും നൽകിയാണ് ജീവിതത്തിലെ മറ്റൊരു വേഷമണിഞ്ഞു യാത്ര ഡൊമനിക് ആരംഭിച്ചത്.
" പെൻഷൻ പൈസ പാസാകി കിട്ടിയതാണ്, പക്ഷേ കഴിഞ്ഞ പത്തുമാസമായി ഇന്ന് തരാം, നാളെ തരാം എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയാണ്. ഈ കൊവിഡ് കാലത്ത് സ്ഥിരമായി ഒരു വരുമാനം മാർഗപോലുമില്ല.
ഡൊമിനിക് സെബാസ്റ്റ്യൻ