സുൽത്താൻ ബത്തേരി: കോൺഗ്രസിനെ വിൽപ്പന ചരക്കാക്കാൻ ചിലർ നടത്തിയ ശ്രമത്തിന്റെ ഫലമാണ് അനഭിമതരായ സ്ഥാനാർത്ഥികൾ കടന്നുവരാൻ ഇടയാക്കിയതെന്ന് കോൺഗ്രസിൽ നിന്ന് അടുത്തിടെ പുറത്താക്കിയ മണ്ഡലം, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ബത്തേരി നഗരസഭ മന്തൊണ്ടിക്കുന്ന് ഡിവിഷനിൽ ഡിവിഷൻ കമ്മറ്റി നിർദേശിച്ച സ്ഥാനാർത്ഥികളെ തഴഞ്ഞ് പുറത്ത് നിന്ന് സ്ഥാനാർത്ഥിയെ മൽസര രംഗത്തേക്ക് കൊണ്ടുവന്നതിന് പിന്നിൽ ചില നേതാക്കളുടെ ധിക്കാരമാണ്.

കെ.പി.സി.സി പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള അവകാശം ഡിവിഷൻ കമ്മറ്റിക്കാണ്. ഇതുപ്രകാരം ഡിവിഷനിലെ ജനസമ്മതരായ മൂന്ന് ആളുകളുടെ പേര് നേതൃത്വത്തിന് നൽകി. എന്നാൽ ബത്തേരിയിലെ ഒരു മുതിർന്ന നേതാവിന്റെ നിർദേശപ്രകാരം നേതൃത്വം ഇവരെ വെട്ടി. ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരുടെയും അനുഭാവികളുടെയും എതിർപ്പ് ഗൗനിക്കാതെ ഡിവിഷന് പുറത്തുള്ളവർക്ക് സീറ്റ് നൽകുകയാണ് ചെയ്തത്.
മന്തൊണ്ടിക്കുന്നിലെ സ്ഥാനാർത്ഥി കഴിഞ്ഞതവണ കോട്ടക്കുന്ന് ഡിവിഷനിൽ നിന്ന് വിജയിച്ചയാളാണ്. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ഡിവിഷനിലുള്ളവർ അതൃപ്തരാണ്. നഗരസഭയുടെ കീഴിൽ ഒരു വികസന പ്രവർത്തനവും നടക്കാത്ത ഡിവിഷനാണ് കോട്ടക്കുന്ന്. ഇത്തവണ അവിടെ മൽസരിക്കുന്ന സ്ഥാനാർത്ഥിക്ക് വോട്ട് ചോദിച്ച് ജനങ്ങളുടെ ഇടയിലേക്ക് ചെല്ലാൻ പോലും പറ്റാത്ത സാഹചര്യമാണ്.
ഡി.സി.സി യുടെ നിലപാടിൽ പ്രതിഷേധിച്ചാണ് മന്തൊണ്ടികുന്ന് ഡിവിഷനിലെ പൊതുസമ്മതനായ സ്വതന്ത്രൻ അബ്ദുൾ സലാമിന് പിന്തുണ നൽകിയത്. കെ.പി.സി.സിയുടെ നിർദേശം അംഗീകരിക്കുകയും നടപ്പിലാക്കുകയും മാത്രമാണ് ചെയ്തത്. കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ഡി.സി.സി നടപടിക്കെതിരെ കെ.പി.സി.സിക്ക് പരാതി നൽകും. നേതൃത്വത്തിലിരിക്കുന്ന രണ്ടോ മൂന്നോ പേരല്ല താഴെ തട്ടിലുള്ളവരുടേതു കൂടിയാണ് കോൺഗ്രസ് എന്ന് ഇക്കൂട്ടർ മനസിലാക്കണമെന്ന് ഇവർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് ടോമി മലവയൽ, മണ്ഡലം പ്രസിഡന്റ് കെ.ഒ.ജോയി, വൈസ് പ്രസിഡന്റ് ജോണി കാണിയാടൻ, മുൻ ബൂത്ത് കമ്മറ്റി പ്രസിഡന്റ് വർഗ്ഗീസ് കരിമാങ്കുളം എന്നിവർ പങ്കെടുത്തു.