മുക്കം: ചെന്നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റ സംഭവത്തിൽ കാരശേരി പഞ്ചായത്തിലെ തോട്ടക്കാടിൽ വനം വകുപ്പ് അധികൃതർ സന്ദർശനം നടത്തി. ചൊവ്വാഴ്ച രാത്രി ചെന്നായ വീടുകളിൽ കയറി കടിച്ചുപരിക്കേൽപിച്ച മുണ്ടയിൽ മാണി (65), വടക്കേടത്ത് രാജു (18), കരിമ്പിൽ ബിനു (30), പാലകുളങ്ങര ശ്രീരാജ് (36) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കു വിധേയരാക്കിയിരുന്നു.
മാണിക്ക് മുഖത്തും രാജുവിന് കാൽമുട്ടിനും ബിനുവിന് കൈക്കും ശ്രീരാജിന് കഴുത്തിനുമാണ് കടിയേറ്റത്. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഷാജുവിന്റെ നേതൃത്വത്തിൽ സെക്ഷൻ ഓഫീസർ ജലീൽ, ഫോറസ്റ്റ് ഓഫീസർമാരായ ജലീസ്, അഷ്റഫ് ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് അസ്ലം എന്നിവരടങ്ങുന്ന വനം വകുപ്പധികൃതരുടെ സംഘമാണ് തോട്ടക്കാടിലെത്തിയത്. ആദിവാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായ തോട്ടക്കാടിൽ ജനങ്ങളുടെ ഭീതിയകറ്റാനും ജനവാസ മേഖലയിൽ ചെന്നായ്ക്കൾ ഇറങ്ങി ആളുകളെ ആക്രമിക്കുന്നതു തടയാനും ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കാരശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ഷാജികുമാർ ആവശ്യപ്പെട്ടു.