1
യു.ഡി.എഫ് വെച്ച പ്രചാണ ബോർഡ്

കൊടിയത്തൂർ : മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ; വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ യു.ഡി.എഫിന്റെ അവസ്ഥയിതാണ്.

സഖ്യത്തിന്റെ മാറ്റുരയ്ക്കുന്ന പ്രധാന തട്ടകമായ കൊടിയത്തൂരിൽ പോലും മുന്നണിയ്ക്കകത്തെ മുറുമുറുപ്പ് നിലയ്ക്കുന്നില്ല. വെൽഫെയർ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിക്കുമ്പോഴും അവരുമായി നീക്കുപോക്കുണ്ടെന്ന് കെ. മുരളീധരൻ എം.പി യും ആവർത്തിച്ചുറപ്പിക്കുകയാണ്. യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണ് ധാരണയെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിലെ യു.ഡി.എഫ് - വെൽഫെയർ പാർട്ടി സഖ്യ സ്ഥാനാർത്ഥിയാണ് ടി.കെ. അബൂബക്കർ. ജമാ അത്തെ ഇസ്ലാമിയുടെ സജീവ പ്രവർത്തകനാണ് അദ്ദേഹം. യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി പ്രചാരണം നടത്തുമ്പോഴും യു.ഡി.എഫ് - വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി എന്ന് പരസ്യമായി പറയുന്നില്ല.

യു.ഡി.എഫിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി എന്ന് യു.ഡി.എഫും വെൽഫെയർ പാർട്ടിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി എന്ന് വെൽഫെയർ പാർട്ടിയും പ്രചാരണ ബോർഡുകൾ വാർഡിലുടനീളം വെച്ചിട്ടുണ്ട്. പ്രചാരണ ബോർഡുകൾ സമാന ഡിസൈനിലുമാണ്.

മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായിരുന്നു കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്. കഴിഞ്ഞ തവണ ഒഴികെ ലീഗ് നിലനിറുത്തി പോന്ന സീറ്റ്. എന്നാൽ കഴിഞ്ഞ തവണ എൽ.ഡി.എഫിന്റെ വെൽഫെയർ പാർട്ടി സഖ്യ പരീക്ഷണം വിജയം കണ്ടപ്പോൾ മുസ്ലിം ലീഗിന് സീറ്റ് നഷ്ടപ്പെട്ടു. ഈ സാഹചര്യം മുതലെടുത്താണ് ചില നേതാക്കളടെ ഒത്താശയോടെ സീറ്റ് വെൽഫെയർ പാർട്ടിക്ക് നൽകിയതെന്നാണ് യു.ഡി.എഫിലെയും മുസ്ലിം ലീഗിലെയും പ്രാദേശിക പ്രവർത്തകർ ഉന്നയിക്കുന്ന ആരോപണം.

ഈ ഭിന്നത പരിഹരിക്കാനാണ് പ്രചാരണ ബോർഡുകളിലെ കൂട്ടായ്മ ഇല്ലായ്മയ്ക്ക് കാരണം. 14ാം വാ‌ർഡിൽ മത്സരിക്കുന്ന വെൽഫെയർ - യു.ഡി.എഫ് സഖ്യ സ്ഥാനാർത്തി കെ.ജി. സീനത്തിന്റെ പ്രചാരണ ബോർഡളിലും ഈ സമാനതയുണ്ട്. സീനത്ത് ജമാ അത്തെ ഇസ്ലാമി വനിതാവിഭാഗത്തിന്റെ സജീവ പ്രവർത്തകയാണ്.

ഇതിനെതിരെ മുസ്ലിം ലീഗിനുള്ളിൽ കടുത്ത ഭിന്നതയുണ്ട്. യു.ഡി.എഫിന്റെ വെൽഫെയർ പാർട്ടി ബന്ധത്തിനെതിരെ ജമാ അത്തെ ഇസ്ലാമി ഇതര മുസ്ലിം സംഘടനകളിൽ നിന്ന് കടുത്ത എതിർപ്പാണ് ഉയരുന്നത്. ഇ.കെ, എ.പി വിഭാഗം സുന്നികളും മുജാഹിദ് വിഭാഗവും അമർഷത്തിലാണ്.

സീറ്റ് വിഭജനത്തിൽ പോലും ലീഗിന് തിരച്ചടിയുണ്ടായതായാണ് പ്രവർത്തകരുടെ വികാരം. കേരള കോൺഗ്രസ് എം മുന്നണി വിട്ടപ്പോൾ ഒഴിവു വന്ന സീറ്റ് കോൺഗ്രസ് ഏറ്റെടുത്തിരുന്നു. വെൽഫെയർ പാർട്ടിയ്ക്ക് നൽകിയ രണ്ട് സീറ്റ് നഷ്ടപ്പെട്ടത് ലീഗിന്റെ അക്കൗണ്ടിൽ നിന്നാണ്. ഇതോടെ നേരത്തെ ആകെയുള്ള 16ൽ എട്ട് സീറ്രിൽ മത്സരിച്ചിരുന്ന ലീഗിന് ഇപ്പോൾ ആറ് സീറ്റുകളേയുള്ളു. ഏഴ് സീറ്റിൽ മത്സരിച്ചിരുന്ന കോൺഗ്രസിനാകട്ടെ എട്ട് സീറ്റുകളായി.