കോഴിക്കോട്: ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ബിരുദ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ ആദരിച്ചു. ഫാറൂഖ് കോളേജിലെ പി.കെ ഹരികൃഷ്ണനാണ് ജില്ലാ കളക്ടർ സാംബശിവറാവു വിജയാമൃതം അവാർഡ് സമ്മാനിച്ചത്. സർട്ടിഫിക്കറ്റും കാഷ് അവാർഡും കൈമാറി. ബിരുദ ബിരുദാനന്തര കോഴ്സുകളിൽ ഉന്നതവിജയം നേടുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതിയാണ് വിജയാമൃതം. ബിരുദ കോഴ്സുകളിൽ ആർട്സ് വിഷയങ്ങളിൽ 60 ശതമാനവും സയൻസ് വിഷയങ്ങളിൽ 80 ശതമാനവും ബിരുദാനന്തര/ പ്രൊഫഷണൽ കോഴ്സുകൾക്ക് 60 ശതമാനവും മാർക്ക് നേടിയവരെയാണ് പദ്ധതിയിൽ പരിഗണിക്കുക. സാമൂഹ്യനീതി ഓഫീസർ പവിത്രൻ തൈക്കണ്ടി, പ്രൊബേഷൻ ഓഫീസർ ഷീബ മുംതാസ്, സീനിയർ സൂപ്രണ്ട് ജോസഫ് റൊബെല്ലോ തുടങ്ങിയവർ പങ്കെടുത്തു.