കോഴിക്കോട്: കഴിഞ്ഞ വർഷം ഏപ്രിലിൽ കണ്ണൂർ ആലക്കോട് സ്വദേശി ട്രാൻസ്‌ജെൻഡർ ഷാലു കൊല്ലപ്പെട്ട കേസ് അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് ഹാജരാക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ ഉത്തരവിൽ വ്യക്തമാക്കി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി അന്വേഷണ പുരോഗതി റിപ്പോർട്ട് കമ്മിഷന് കൈമാറി. ഷാലുവിന്റെ മരണത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സി. ആർ. പി. സി. 174 വകുപ്പിൽ അന്വേഷണം ആരംഭിച്ചെങ്കിലും ഷാലുവിനെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് വ്യക്തമായതോടെ വകുപ്പ് 302 ചേർത്ത് അന്വേഷണം നടത്തി വരികയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ലോക്ക് ഡൗൺ കാരണമാണ് അന്വേഷണത്തിന് കാലതാമസം നേരിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. സിസിലി ജോർജ് സമർപ്പിച്ച പരാതിയിലാണ് നടപടി.