കൽപ്പറ്റ: വയനാടിന്റെ അടിയന്തിര ആവശ്യങ്ങൾ ഇടതുസർക്കാർ അവഗണിച്ചുവെന്ന് മുൻമുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വയനാട് മെഡിക്കൽ കോളജായിരുന്നു വയനാടിന്റെ അടിയന്തിര ആവശ്യങ്ങളിലൊന്ന്. ഇതിനായി യു.ഡി.എഫ് സർക്കാർ 900 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് രൂപം നൽകി. 100 കുട്ടികൾക്ക് സൗജന്യമായി പഠനത്തിനും അവസരം ലഭിക്കുമായിരുന്നു. പദ്ധതിക്കായി മടക്കിമലയിൽ സൗജന്യമായി സ്ഥലവും ലഭിച്ചു. തറക്കില്ലിട്ടതിന് പിന്നാലെ വന്ന ഇടതുസർക്കാർ നാലരവർഷമായിട്ടും ഒരിഞ്ച് പോലും മുന്നോട്ടുപോയില്ല. മൂന്ന് വർഷത്തിനുള്ളിൽ നടപ്പിലാക്കാമായിരുന്ന പദ്ധതി അഞ്ച് വർഷമാകാറായിട്ടും എങ്ങുമെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു നഞ്ചൻകോട് വയനാട് നിലമ്പൂർ റെയിൽപാത. ഈ സർക്കാരിന്റെ ഭാഗത്ത് നിന്ന് പദ്ധതിക്കായി ഒരു നടപടിയുമുണ്ടായില്ല.
വയനാടിന് ഒരു ബദൽപാതയെന്നതായിരുന്നു മറ്റൊരു പ്രധാന ആവശ്യം. യു.ഡി.എഫ് സർക്കാർ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽപാതയുമായി മുന്നോട്ടുപോകുന്ന ഘട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഭരണം മാറിയതോടെ പിന്നീട് ഒന്നും ചെയ്തില്ല. ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ യാതൊരു നടപടിക്രമങ്ങളും പൂർത്തിയാക്കാതെ തുരങ്കപാത പ്രഖ്യാപിച്ചിരിക്കുകയാണ്.
അഞ്ച് വർഷം പൂർത്തിയാകാൻ പോകുമ്പോൾ വയനാടിന് വേണ്ടിയെന്ത് ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. മൂന്ന് വൻപദ്ധതികൾ അട്ടിമറിക്കുകയാണ് സർക്കാർ ചെയ്തത്. കാർഷികമേഖലക്ക് ഗുണകരമായ പദ്ധതികളും നടപടികളുമൊന്നും ഉണ്ടായില്ല.
വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കേന്ദ്രസർക്കാരിന്റെ സഹായത്തോടെ കാട്ടിനുള്ളിൽ കഴിഞ്ഞിരുന്നവരെ പുറത്തേക്കെത്തിക്കുന്ന പുനരധിവാസ പദ്ധതി നടപ്പിലാക്കിയത്. 2013ൽ ആരംഭിച്ച ഈ പദ്ധതി നിശ്ചലമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.പി.എ കരീം, കൺവീനർ എൻ.ഡി.അപ്പച്ചൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി, ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, പി.കെ.ജയലക്ഷ്മി, ഗോകുൽദാസ് കോട്ടയിൽ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.