കോഴിക്കോട്: കൊവിഡ് കാലത്ത് ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിചരണവുമായി ജില്ലാ ഭരണകൂടം.ജാഗ്രതയോടെ വീടിനകത്ത് കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാർക്കും കുടുംബാംഗങ്ങൾക്കും ആശ്വാസമേകാൻ വിവിധ പരിപാടികളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നാഷണൽ ട്രസ്റ്റ് എൽ.എൽ.സിയും സാമൂഹ്യനീതി വകുപ്പും നടത്തിവരുന്നത്. ഓൺലൈൻ പഠനം, അടുക്കളത്തോട്ട നിർമ്മാണം, കരകൗശലവസ്തു നിർമ്മാണം എന്നിവയ്ക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കി.അടുക്കളത്തോട്ട പരിപാലനത്തിലൂടെ ഭിന്നശേഷിക്കാർക്ക് ഹോർട്ടികൾച്ചർ തെറാപ്പിയും മാനസികോല്ലാസവും ഉറപ്പുവരുത്തുന്നതിന് 209 ഭിന്നശേഷി കുടുംബങ്ങൾക്ക് കൃഷിഭവനിലൂടെ പച്ചക്കറിവിത്ത് വിതരണം ചെയ്തു. പ്രത്യേക പരിചരണം ആവശ്യമായി വരുന്നവരുടെ രക്ഷിതാക്കൾക്ക് ഓൺലൈൻ ഹിയറിംഗി
ലൂടെ ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റും ചിലർക്ക് നിരാമയ ഇൻഷുറൻസും നൽകി. സെറിബ്രൽ പാൾസി ബാധിതരായ കുട്ടികൾക്ക് വിട്ടിലെത്തി പരിശീലനവും പരിചരണവും നൽകാൻ കോഴിക്കോട് ആസ്റ്റർ മിംസുമായി ചേർന്ന് നാഷണൽ ട്രസ്റ്റ് വെൽനെസ് ഫൗണ്ടേഷൻ പ്രത്യേക പദ്ധതി തയ്യാറാക്കി ചികിത്സ ഉറപ്പാക്കി. പ്രഗത്ഭ ഡോക്ടർമാരുടെ ഓൺലൈൻ സേവനം ലഭ്യമാക്കി. നിർദ്ധനരായ 75 പേർക്ക് നാഷണൽ ട്രസ്റ്റ് ജില്ലാതല സമിതിയുടെ നേതൃത്വത്തിൽ മരുന്നും ഭക്ഷണക്കിറ്റുകളും വീട്ടിലെത്തിച്ചു നൽകി.