കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം ഉറപ്പാക്കാൻ തെരുവുനാടകവുമായി ശുചിത്വ മിഷൻ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ ബോധവത്കരണ തെരുവ് നാടകത്തിലൂടെ പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഇല്ലാതാക്കി മാലിന്യങ്ങൾ ഹരിതകർമ്മ സേനയുടെ സഹായത്തോടെ സംസ്‌ക്കരിക്കണമെന്ന സന്ദേശമാണ് നൽകുന്നത്. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള വേദിക രംഗശ്രീ തിയേറ്ററാണ് നാടകം അവതരിപ്പിക്കുന്നത്. പുതിയ ബസ്‌ സ്റ്റാൻഡ്, പാളയം, ഫറോക്ക്, രാമനാട്ടുകര, പെരുമണ്ണ, മാവൂർ, ഓമശ്ശേരി, കുന്ദമംഗലം, കൊടുവള്ളി മുക്കം എന്നിവിടങ്ങളിൽ നാടകം അവതരിപ്പിച്ചു. വരും ദിവസങ്ങളിലും നാടകം തുടരും. എം.ബിജി, സി.മാധവി, കെ.ടി. പാർവതി, പി.ലീന, എം.എം.റീജ എന്നിവരാണ് നാടകത്തിൽ വേഷമിടുന്നത്. കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടർ സാംബശിവറാവു ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ ജി.പ്രിയങ്ക, അസിസ്റ്റന്റ് കളക്ടർ ശ്രീധന്യ സുരേഷ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജനിൽകുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ജോസഫ്, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ പി.എം.സൂര്യ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ നാസർ ബാബു, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.സി.കവിത, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രകാശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ തുടങ്ങിയവർ പങ്കെടുത്തു.