mullapally

കോഴിക്കോട് : കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരൻ എം.പിയും തമ്മിൽ വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുണ്ടായ പോരിന് വിരാമമായി. കോൺഗ്രസ് സ്ഥാനാർത്ഥി കെ.പി. ജയകുമാർ പിൻവാങ്ങിയതായി മുല്ലപ്പള്ളി പറഞ്ഞു.

സി.പി.എമ്മിനെതിരെ യു.ഡി.എഫും ആർ.എം.പിയും ചേർന്നുള്ള ജനകീയ മുന്നണിയുടെ സ്ഥാനാർത്ഥിക്കെതിരെ മുല്ലപ്പള്ളിയുടെ പിന്തുണയോടെ കൈപ്പത്തി ചിഹ്നത്തിൽ ജയകുമാർ മത്സരിക്കാനിറങ്ങിയതാണ് വിവാദമായത്.

ആർ.എം.പിയുമായുള്ള രാഷ്ട്രീയ സൗഹൃദത്തിന്റെ പശ്ചാത്തലത്തിലും തിരഞ്ഞെടുപ്പ് വേളയിലെ വിഴുപ്പലക്കൽ ഒഴിവാക്കാനും കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിക്കുകയാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിശദീകരണം.

യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനാണ് തന്റെ വീട് കൂടി ഉൾപ്പെടുന്ന കല്ലാമല ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയോട് മാറി നിൽക്കാൻ നിർദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആർ.എം.പി യുടെ സി. സുഗതനെ യു.ഡി.എഫ് പിന്തുണയ്ക്കും. കെ. മുരളീധരനുമായി ഒരു പ്രശ്നവുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ധാരണ ലംഘിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി വന്നതിനെതിരെ കെ. മുരളീധരൻ പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രശ്നം പരിഹരിക്കാതെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് മുരളീധരൻ പ്രഖ്യാപിച്ചതോടൊയാണ് വിഷയം വിവാദമായത്. മുസ്ലിം ലീഗ് നേരത്തെ ആർ.എം.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.