സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭയിലെ കട്ടയാട് ഡിവിഷൻ പിടിക്കാൻ ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിരിക്കുന്നത് അഞ്ച് മങ്കമാരാണ്. ഇടതു മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും ഒരുപോലെ എതിർക്കുന്ന ഒരു സ്വതന്ത്രയും, എൻ.ഡി.എയുടെയും വെൽഫയർ പാർട്ടിയുടെയും പ്രതിനിധികളായ രണ്ട് പേരുമടക്കം അഞ്ച് പേരാണ് ഇവിടെ പോരാട്ടം നടത്തുന്നത്. ഈ അഞ്ച് പേരുടെയും വിജയം നിർണയിക്കുന്നത് 627 വോട്ടർമാരും.
നഗരസഭയിലെ ഏറ്റവും ശ്രദ്‌ധേയമായ ഡിവിഷനായി മാറിയിരിക്കുകയാണ് മുൻ നഗരസഭ ചെയർമാൻ ടി.എൽ.സാബുവിന്റെ സിറ്റിംഗ് ഡിവിഷനായ കട്ടയാട്. ഡിവിഷൻ വനിത സംവരണ ഡിവിഷനായി മാറുകയും കഴിഞ്ഞ തവണ സാബുവിനെ പിന്തുണച്ച മുന്നണിയും പാർട്ടിയും കൈവിട്ടതോടെയുമാണ് സാബു ഭാര്യ നിഷയെ ഇവിടെ സ്വതന്ത്രയായി മൽസര രംഗത്ത് ഇറക്കിയത്.
കേരള കോൺഗ്രസ് മാണി വിഭാഗം പ്രതിനിധിയായാണ് കഴിഞ്ഞ തവണ സാബു മൽസരിച്ച് ജയിച്ചത്. എന്നാൽ പ്രദേശിക ധാരണപ്രകാരം ഇടതുമുന്നണിക്ക് നഗരസഭയിൽ പിന്തുണ നൽകിയതോടെ ഭരണം ഇടതുപക്ഷത്തിനായി ഇതോടെ കോൺഗ്രസും ലീഗും സാബുവിന്റെ ശത്രുക്കളായി മാറി. ഭരണത്തിന്റെ അവസാന കാലയളവിൽ സാബുവുമായി ഇടതുപക്ഷം അകന്നതോടെ ഇടതുപക്ഷത്തിന്റെയും കണ്ണിലെ കരടായി സാബു.
അഞ്ച് വർഷക്കാലം ഒന്നിച്ച് നിന്നിട്ടും തന്നെ അവഗണിക്കുകയാണ് ഇടതു മുന്നണി ചെയ്തതെന്ന് ആരോപിച്ചാണ് കട്ടയാട് വാർഡിൽ ഭാര്യയെ തന്നെ നിർത്തി ഇരു മുന്നണികൾക്കെതിരെയും പടപൊരുതുന്നത്.
എൽ.ഡി.എഫിലെ ജയന്തി ശശിന്ദ്രനും, യു.ഡി.എഫിലെ ശാലിനി രാജേഷും ബി.ജെ.പിയുടെ വിനിറ്റ ഷാജിയും, വെൽഫയർ പാർട്ടിയുടെ ജസീന മുജീബുമാണ് ലിഷയെ കൂടാതെ മൽസര രംഗത്തുള്ളത്.
വോട്ടർമാർ ഏറ്റവും കുറവുള്ള നഗരസഭയിലെ ഈ ഡിവിഷനിൽ ഇപ്പോൾ സ്ഥാനാർത്ഥികൾ നാലാം റൗണ്ട് പ്രചരണവും പൂർത്തീകരിച്ചുകഴിഞ്ഞു. മറ്റ് ഡിവിഷനുകളിലോന്നും കാണാത്ത വീറും വാശിയുമാണ് കട്ടയാട്.
എൽ.ഡി.എഫിനെയും ,യു.ഡി.എഫിനെയും അട്ടിമറിച്ച് വിജയം നേടാനാവുമെന്നാണ് സ്വതന്ത്രയുടെ അവകാശവാദം. വെൽഫയർ പാർട്ടിയും എൻ.ഡി.എയും ഇതേ അവകാശവാദം തന്നെയാണ് ഉന്നയിക്കുന്നത്.