കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ധാരണയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ചു.

കാലിക്കറ്റ് പ്രസ് ക്ലബ് ഒരുക്കിയ 'മീറ്റ് ദി ലീഡർ - തദ്ദേശീയം 2020" പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ കുറ്റ്യാടി ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വെൽഫെയർ പാർട്ടിയുടെ പ്രതിനിധിയല്ലേ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാതെ മുല്ലപ്പള്ളി ഒഴിഞ്ഞു മാറി.

മലപ്പുറത്ത് ഏലംകുളത്ത് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയ്ക്കൊപ്പം മുല്ലപ്പള്ളി വേദി പങ്കിട്ടതിന്റെ ചിത്രം പുറത്തുവന്നതിനെ കുറിച്ച് ആരാഞ്ഞപ്പോൾ പ്രാദേശികമായി പാർട്ടിയ്ക്ക് വന്ന വീഴ്ചയാണതെന്ന പ്രതികരണമായിരുന്നു അദ്ദേഹത്തിന്റേത്.

എത്തിക്‌സ് കമ്മിറ്റിയെ കുറച്ച് കാണുന്ന സമീപനമാണ് ഇപ്പോൾ ധനമന്ത്രി തോമസ് ഐസകിന്റേതെന്ന് മുല്ലപ്പള്ളി പറഞ്ഞു. മാന്യതയും അന്തസുമുണ്ടെങ്കിൽ ധനമന്ത്രി രാജി വെക്കുകയാണ് വേണ്ടത്.

ബി.ജെ.പി - സി.പി.എം ബന്ധം കേന്ദ്ര അന്വേഷണ ഏജൻസികളെ പിന്നിൽ നിന്നു വലിക്കുകയാണ്. ചില കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് സംസ്ഥാനത്ത് സ്വർണ കള്ളക്കടത്ത് കൂടാനിടയാക്കിയതിനു പിന്നിൽ. തിരുവനന്തപുരം സ്വർണക്കടത്ത് സംഭവത്തിൽ സർക്കാരിന് രക്ഷപ്പെടാൻ ചില പഴുതുകൾ സൃഷ്ടിച്ചത് കേന്ദ്ര ഏജൻസികളുടെ അലംഭാവം കൊണ്ടാണ്. സി.ബി.ഐ ശരിയായ രീതിയിൽ അന്വേഷിച്ചാൽ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളായിരിക്കും പുറത്ത് വരിക. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ഭാര്യയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും തമ്മിലുള്ള ബന്ധം ആന്വേഷിക്കണം.

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഇത്തവണ മികച്ച വിജയം നേടുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ഇടതുമുന്നണിയ്ക്കും ബി.ജെ.പി ക്കും വലിയ തിരിച്ചടിയായിരിക്കും. ഇരു കൂട്ടരുടെയും രഹസ്യ കൂട്ടുകെട്ട് ഇത്തവണയുമുണ്ട്. ഏതാണ്ട് 2500 സീറ്റുകളിൽ ബി.ജെ.പി മത്സരിക്കാത്തത് ഈ കൂട്ടുകെട്ടിന്റെ തെളിവാണ്. പലയിടത്തും അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിക്കാനാളില്ല. പാർട്ടിയുടേത് വെറുക്കപ്പെട്ട ചിഹ്നമായത് തന്നെയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.