
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ട് ഇടതുമുന്നണിയുടെ മേധാവിത്വം എപ്പോഴും പ്രകടമാവാറുണ്ട്. പക്ഷേ, ഈ ആധിപത്യം തകർക്കുമെന്ന വാശിയിലാണ് യു.ഡി.എഫിന്റെ പടയോട്ടം. ഇരു മുന്നണികളെയും ഒരുപോലെ ഞെട്ടിക്കുമെന്ന പ്രഖ്യാപനവുമായി എൻ.ഡി.എയുമുണ്ട് . ചുരുക്കത്തിൽ നവമാദ്ധ്യമങ്ങളിലടക്കം പ്രചാരണക്കൊടുങ്കാറ്റ് ഉയർത്തുകയാണ് ഈ മൂന്നു മുന്നണികളും.
കോഴിക്കോട് കോർപറേഷനിൽ ഇത്തവണ ത്രികോണ മത്സരമാണ്. എൻ.ഡി.എയുടെ വൻമുന്നേറ്റമായിരിക്കും ഇത്തവണ കോർപറേഷനിലെന്ന് ബി.ജെ.പി നേതാക്കൾ അവകാശപ്പെടുന്നു.
അതേ സമയം പുതിയ രാഷ്‌ട്രീയ സാഹചര്യം തങ്ങൾക്ക് വമ്പൻ വിജയം നേടി തരുമെന്ന് യു.ഡി.എഫ്. കരുതുന്നു.
അതിനിടെ വെൽഫെയർ പാർട്ടിയുമായുള്ള യു.ഡി.എഫിന്റെ കൂട്ടുകെട്ടിനെ ചൊല്ലി മുന്നണിക്ക് അകത്ത് അമർഷം പുകയുന്നുണ്ട്.
ലോക് താന്ത്രിക് ജനതാദളും കേരള കോൺഗ്രസ് മാണി വിഭാഗവും കൂടി എൽ.ഡി.എഫിന്റെ ഭാഗമായിരിക്കെ, കഴിഞ്ഞ തവണത്തേക്കാൾ എളുപ്പത്തിൽ നേട്ടം കൊയ്യാനാവുമെന്ന കണക്കുകൂട്ടലിലാണ് മുന്നണി നേതൃത്വം. കേരള കോൺഗ്രസ് എമ്മിന് കോഴിക്കോട് കോർപറേഷനിൽ വലിയ സാന്നിദ്ധ്യമില്ലെങ്കിലും മലയോര മേഖലകളിൽ ഗണ്യമായ സ്വാധീനമുണ്ട്. ഇത് മലയോര മേഖലകളിൽ നഷ്ടപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ പിടിച്ചെടുക്കാൻ സഹായകമാവുമെന്നും നേതാക്കൾ പറയുന്നു.
നിലവിലെ കക്ഷിനില
ജില്ലാ പഞ്ചായത്ത്
 എൽ.ഡി.എഫ്- 18
 യു.ഡി.എഫ്- 9
കോർപറേഷൻ സീറ്റ്
 എൽ.ഡി.എഫ്- 50
 യു.ഡി.എഫ്- 18
 ബി.ജെ.പി- 7
മുൻസിപ്പാലിറ്റികൾ
 എൽ.ഡി.എഫ്- 6
 യു.ഡി.എഫ്- 1
ബ്ളോക്ക് പഞ്ചായത്തുകൾ
 എൽ.ഡി.എഫ്- 10
 യു.ഡി.എഫ്- 2
ഗ്രാമപഞ്ചായത്തുകൾ
 എൽ.ഡി.എഫ്- 48
 യു.ഡി.എഫ്- 21
 ആർ.എം.പി.ഐ-1